കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് ജോസഫ് തേരകം കീഴടങ്ങി. കൂട്ടുപ്രതികളായ രണ്ട് കന്യാസ്ത്രീകളും കീഴടങ്ങിയിട്ടുണ്ട്. പേരാവൂർ സിഐ സുനിൽകുമാർ മുമ്പാകെ രാവിലെ 6.15ഓടെയാണ് ഇവര്‍ കീഴടങ്ങിയത്. കേസിലെ എട്ട്, ഒമ്പത്, പത്ത് പ്രതികളാണ് ഇവര്‍. വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് ഫാദർ തോമസ് തേരകവും പ്രതി ചേർക്കപ്പെട്ടത്.

പീഡനത്തിനിരയായ പെൺകുട്ടിയെ ശിശുക്ഷേമ സമിതിയിൽ ചേർത്ത സമയത്ത് പെൺകുട്ടിയുടെ പ്രായം തിരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. ശിശുക്ഷേമ സമിതിയിൽ പെൺകുട്ടിയെ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 എന്നതു തിരുത്തി 18 ആക്കിയത് തോമസ് തേരകമായിരുന്നു. ഇവർ 14ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അഞ്ചു ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. കീടങ്ങാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

ഫാദർ തോമസ് തേരകത്തിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സിസ്റ്റർ ഒഫീലിയ, സിസ്റ്റർ ബെറ്റി ജോസ്, എന്നിവരുമാണ് കൂടെ കീഴടങ്ങിയിട്ടുള്ളത്. ദത്തെടുക്കൽ കേന്ദ്രം സൂപ്രണ്ടായ സിസ്റ്റർ ഒഫീലിയ കേസിലെ എട്ടാം പ്രതിയാണ്. നവജാത ശിശുവിനെ ലഭിച്ചിട്ടും പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഇവർക്കെതിരായ കുറ്റം. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പൊലീസ് കണ്ടെത്തി. സിസ്റ്റർ ബെറ്റി ജോസും ഇതേ ദത്തെടുക്കൽ കേന്ദ്രത്തിലാണ്. സിസ്റ്റർ ഒഫീലിയയ്ക്ക് ഇവരായിരുന്നു കൂട്ട്. മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി കീഴടങ്ങിയിട്ടില്ല.

കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ ടെസി ജോസ്, ഡോ.ഹൈദരാലി, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി.ആന്‍സി മാത്യു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം കേട്ട തലശേരി എ.ഡി.എം കോടതി വിധി പറയുന്നത് ഇരുപതിലേക്ക് മാറ്റിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ