കൊല്ലം: പതിനാലുകാരനായ മകനെ കൊലപ്പെടുത്തിയ അമ്മ ജയമോളെ കുടുക്കിയത് പരസ്പര വിരുദ്ധ മൊഴി. ജയയുടെ കൈയ്യിലെ ഒരു മുറിവിനെക്കുറിച്ചുളള പൊലീസ് ചോദ്യത്തിന് നൽകിയ മറുപടിയാണ് അരുംകൊലയ്ക്ക് പിന്നിലെ കൊലപാതകിയെ പിടികൂടാൻ സഹായിച്ചതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ തിരക്കാനായി പല തവണ പൊലീസ് ജയയുടെ വീട്ടിൽ എത്തിയിരുന്നു. അപ്പോഴെല്ലാം കടുത്ത ദുഃഖത്തോടെയാണ് ജയ സംസാരിച്ചത്. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും താൻ ആഹാരം പോലും കഴിക്കുന്നില്ലെന്നും ജയ പറഞ്ഞു. മകനെ കാണാത്ത ഒരമ്മയുടെ വിഷമം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ജയയെ ആശ്വസിപ്പിക്കുകയും ചെയ്തു.

അന്വേഷണത്തിന്രെ ഭാഗമായി പൊലീസ് ഇന്നലെ ജയയുടെ മൊഴി വീണ്ടും എടുത്തു. ആ മൊഴിയിൽനിന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞതെന്നാണ് റിപ്പോർട്ടിലുളളത്. ജയയുടെ കൈയ്യിലെ മുറിവ് കണ്ട സിഐ എന്തു പറ്റിയെന്നു തിരക്കി. റോസയുടെ മുളള് കൊണ്ടെന്നായിരുന്നു ജയ നൽകിയ മറുപടി. വൈകുന്നേരം മറ്റൊരു എസ്ഐ ഇതേ കാര്യം വീണ്ടും തിരക്കി. അപ്പോൾ അടുപ്പ് കത്തിച്ചപ്പോൾ കൈ പൊളളിയെന്നായിരുന്നു ജയ പറഞ്ഞത്. വീട്ടിൽ ഗ്യാസ് അടുപ്പില്ലേ എന്നു ചോദിച്ചപ്പോൾ ജയ പരുങ്ങലിലായി.

ജയയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് വീടിനു സമീപം പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീടിനു സമീപത്തുനിന്നും കുട്ടിയുടെ ഒരു ചെരുപ്പ് കണ്ടെടുത്തു. അടുത്ത പുരയിടത്തിൽ എത്തിയപ്പോൾ അടുത്ത ചെരുപ്പും കിട്ടി. വീടിനു പിന്നിലെ റബ്ബർ തോട്ടത്തിൽ ആളൊഴിഞ്ഞ ഇടിഞ്ഞു പൊളിഞ്ഞ വീടിനു സമീപം കാക്കകൾ കൂട്ടമായി വട്ടമിട്ട് പറക്കുന്നത് കണ്ടു. ഇതു ശ്രദ്ധിച്ച് അവിടെ എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. വീട്ടിൽ തിരിച്ചെത്തിയ പൊലീസ് ജയയോട് കാര്യം തിരക്കിയപ്പോൾ ജയ കുറ്റം സമ്മതിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

മകനെ അടുക്കളയില്‍ വച്ച് ഷാള്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ജയമോള്‍ പൊലീസിന് മൊഴി നല്‍കി. മൃതദേഹം ആദ്യം വീടിനോട് ചോർന്ന മതിലിന് സമീപത്തുവച്ച് കത്തിച്ചു. എന്നാൽ ശരിക്കും കത്താത്തതുകൊണ്ട് വെളളമൊഴിച്ച് തീ അണച്ചു. അതിനുശേഷം മൃതദേഹം വലിച്ചിഴച്ച് വീടിനു പിന്നിലെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയി. അടുത്ത വീട്ടിൽനിന്നും മണ്ണെണ്ണ കടം വാങ്ങി മൃതദേഹത്തിൽ ഒഴിച്ചു വീണ്ടും കത്തിച്ചു. മൃതദേഹം പൂർണമായും കത്തി തീരുന്നതുവരെ അവിടെ ഇരുന്നുവെന്നും ജയ മൊഴി നൽകിയതായി മനോരമ ന്യൂസ് റിപ്പോർട്ടിലുണ്ട്. അതേസമയം, ജയയുടെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ