കണ്ണൂർ: ഇടതുമുന്നണിയിൽ പടലപ്പിണക്കങ്ങൾ മറനീക്കി പുറത്തുവന്ന സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനങ്ങൾക്കുള്ള മറുപടിയാണ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുപക്ഷത്തിന്റെ ശ്രമങ്ങൾക്ക് മുന്നണി നേതാക്കളുടെ വാക്കുകൾ ആയുധമാകരുതെന്ന് അദ്ദേഹം പറഞ്ഞു.

ശത്രുപക്ഷത്തിന് മുതലെടുക്കാൻ സാധിക്കുന്ന യാതൊന്നും മുന്നണി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിക്കൂടെന്ന് അദ്ദേഹം പറഞ്ഞു. “കാനം രാജേന്ദ്രന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാമോയെന്നാണ് രമേശ് ചെന്നിത്തല ശ്രമിച്ചതെന്ന് പ്രതികരണത്തിൽ നിന്ന് വ്യക്തം. ആ ഉദ്ദേശ്യം കേരളത്തിൽ സഫലമാകാൻ പോകുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യം ശക്തിപ്പെടുത്താൻ സിപിഎമ്മും സിപിഐയും യോജിച്ച് പ്രവർത്തിക്കണം. വിരുദ്ധ അഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം” എന്നും അദ്ദേഹം പറഞ്ഞു.

“മുന്നണിയുമായി ബന്ധപ്പെട്ട്, ഭരണത്തിൽ ഇരിക്കുമ്പോൾ ഭരണപരമായ കാര്യങ്ങളിൽ വിമർശനം തുറന്ന് പറയുമ്പോൾ അത് ഭരണത്തെ അസ്ഥിരപ്പെടുത്തും. സാധാരണക്കാരെ നിരാശരാക്കുന്ന നടപടി മുന്നണിയുടെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് ഉണ്ടായിക്കൂട. ശത്രുപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളെ യോജിച്ച് ചെറുത്തു തോൽപ്പിക്കണം. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ആർഎസ്എസ് കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നു. റേഷൻ വിതരണം താറുമാറാക്കിയതും, സഹകരണ മേഖലയെ തകർക്കാൻ ശ്രമിച്ചതും ഇതിന്റെ തെളിവ്.”

കേരളത്തിലെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥരെ സർക്കാരിനെതിരെ തിരിച്ചുവിടാൻ ശ്രമിക്കുന്നു. ഇത്തരം ശ്രമം ബിജെപി നടത്തുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടതുമുന്നണി നേതാക്കൾ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം.

“പൊലീസ് ആസ്ഥാനത്തെ സമര വിഷയത്തിൽ ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ അവർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനായി എഡിജിപിക്ക് ചുമതല നൽകി. ജിഷ്ണു കേസിലെ നിലപാട് ഹൈക്കോടതി പുന:പരിശോധിക്കണം. കോടതി നിലപാടിന് സർക്കാരിനെ വിമർശിക്കുകയാണ്. വളയത്തെ കേരളത്തിലെ നന്ദിഗ്രാമമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിച്ചു. അങ്ങിനെയൊന്നും വളയത്തെ നന്ദിഗ്രാം ആക്കാൻ സാധിക്കില്ലെന്ന് വളയത്തെ ജനങ്ങൾ തന്നെ വ്യക്തമാക്കി.”

നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണ്. ഒരാളെ കസ്റ്റഡിയിലെടുത്ത് എവിടെയെങ്കിലും കൊണ്ടുപോയി ഏറ്റുമുട്ടലെന്ന് വരുത്തി തീർത്ത് കൊലപ്പെടുത്തുന്നതാണ് രീതി. എന്നാൽ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്ന് മാവോയിസ്റ്റുകൾ പോലും ആരോപിച്ചിട്ടില്ല. നക്സലൈറ്റ് വർഗീസിനെ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം അല്ല നിലമ്പൂരിൽ നടന്നത്. മജിസ്ട്രേറ്റ് തല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു. ഇതിൽ പൊലീസിനെതിരെ റിപ്പോർട്ട് വന്നാൽ അക്കാര്യത്തിൽ നടപടിയെടുക്കും.

“യുഎപിഎ വിഷയത്തിൽ സിപിഎമ്മിന് വ്യക്തതയുണ്ട്. ഈ നിയമം കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൻതോതിൽ ഉപയോഗിച്ചു. ആ കരിനിയമം എടുത്തുകളയണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഏതെങ്കിലും കാര്യത്തിൽ യുഎപിഎ തെറ്റായി ഉപയോഗിക്കുന്നതിനെ സിപിഎം അനുകൂലിക്കില്ല. നേരത്തേ യുഎപിഎ ചുമത്തിയ കേസുകൾ പുന:പരിശോധനയ്ക്ക് വിനിയോഗിക്കുകയാണ്. എന്നാൽ സിബിഐ ചാർജ് ചെയ്ത കേസുകളിൽ സംസ്ഥാനത്തിന് മാത്രമായി നിലപാടെടുക്കാൻ കഴിയില്ല.”

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭ തീരുമാനങ്ങൾ ആർക്കും ലഭ്യമാക്കുന്നത് വിലക്കിയിട്ടില്ല. മന്ത്രിസഭ തീരുമാനങ്ങൾ പൂർണമാകുന്ന മുറയ്ക്ക് ലഭ്യമാക്കണമെന്നാണ് കോടതി നിർദ്ദേശം. കേരളത്തിൽ മന്ത്രിസഭ തീരുമാനം ഉത്തരവാകും മുൻപ് തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

വർഗ്ഗീസ് വിഷയത്തിൽ കോടതിയിൽ പൊലീസ് സമർപ്പിച്ച സത്യവാങ്മൂലം തിരുത്തണം എന്നാണ് സിപിഎമ്മിന്റെ നിലപാട്. ജിഷ്ണു കേസിൽ സ്വാശ്രയ മേഖലയ്ക്കെതിരെ ശക്തമായ നിലപാട് പിണറായി വിജയൻ സർക്കാർ എടുത്തു. കുടുംബത്തിനൊപ്പമാണ് സർക്കാരും മുന്നണിയും സിപിഎമ്മും നിന്നിട്ടുള്ളത്.

മൂന്നാറിൽ ആയിരക്കണക്കിന് കൃഷിക്കാർക്ക് പട്ടയം കൊടുക്കണമെന്നാണ് സർക്കാരിന്റെ തീരുമാനം. പക്ഷെ അതിന് മുൻപ് തന്നെ കൈയ്യേറ്റം സംബന്ധിച്ച് ആരോപണങ്ങളുണ്ട്. ഇവിടെ അനധികൃത നിർമ്മാണം പാടില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കുമ്പോൾ തടയുന്ന സമീപനം പാടില്ല.

സിപിഐക്ക് സിപിഎമ്മിനേക്കാൾ കൂടുതൽ അധികാരത്തിലിരുന്ന അനുഭവം ഉണ്ടെന്ന് കോടിയേരി പറഞ്ഞു. യുഡിഎഫിലും എൽഡിഎഫിലും പ്രവർത്തിച്ച പരിചയം സിപിഐക്ക് ഉണ്ട്. ഭരണപരമായ കാര്യങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ യോജിച്ച് ചർച്ച ചെയ്യാൻ തയ്യാറാണ്. ഇടതുമുന്നണിയുടെ കെട്ടുറപ്പിനാണ് ഇരു പാർട്ടികളും പ്രവർത്തിക്കുന്നത്. അതിന് ദോഷം ചെയ്യുന്ന പ്രസ്താവനകൾ പാടില്ലെന്നാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ