തിരുവനന്തപുരം: എകെജിയെ അധിക്ഷേപിച്ച വി.​ടി. ബൽറാം എംഎൽഎയോടുള്ള സമീപനം രാഹുൽ ഗാന്ധിയും എ.കെ. ആന്‍റണിയും വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എകെജിയെ കളങ്കപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിവേകമായ ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.

പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച്‌ ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണെന്ന് കോടിയേരി പറഞ്ഞു.

പ്രധാനമന്ത്രിയും ആര്‍ എസ് എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ ‘നീച്‌ ആദ്‌മി’ എന്ന്‌ വിശേഷിപ്പിച്ചതിന്‌ മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ടിയാണ്‌ കോണ്‍ഗ്രസ്. സ്വതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ്സ്‌ നേതാവുമായ എ കെ ജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എം എല്‍ എയോട്‌ എന്താണ്‌ സമീപനമെന്ന്‌ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണമെന്നും കോടിയേരി പ്രതികരിച്ചു.

എ കെ ജിയുടെ മരണത്തിന്‌ കൊതിച്ച്‌ “കാലന്‍ വന്ന്‌ വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ” എന്ന്‌ മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിന്റേത്‌. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ്‌ ഇന്ന്‌ നടത്തുന്നത്, കോടിയേരി പറഞ്ഞു.

താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും കോണ്‍ഗ്രസ് എം എല്‍ എയുടെ നീചമായ ഈ നടപടിയോട്‌ പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. സൈബ‍ർ ലോകത്തും പുറത്തും പ്രതിഷേധം ശക്തമായിരുന്നു.

എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്.

ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ