കൊച്ചി: പളളിമുക്കിൽ കെട്ടിടത്തിന് തീപിടിച്ചു. ഇലക്ട്രോണിക് കടകൾ പ്രവർത്തിക്കുന്ന നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീ പിടിത്തമുണ്ടായത്. താഴത്തെ നിലയിലെ പാര്‍ക്കിങ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

വൈകിട്ട് 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഉച്ചത്തിലുളള ശബ്ദം കേട്ട് കടക്കുളളിലായിരുന്ന ആളുകൾ പുറത്തേക്ക് ഇറങ്ങിയോടി. ഇത് വൻ അപകടം ഒഴിവാക്കി. പാർക്കിങ് മേഖലയിൽനിന്നും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും പുക ഉയരുകയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആളുകൾ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. നാല് നിലകളിലായി ഉണ്ടായിരുന്ന എല്ലാ ആളുകളെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നാലു യൂണിറ്റ് അഗ്നി സുരക്ഷാ സേന സ്ഥലത്ത് എത്തിയെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

പാർക്ക് ചെയ്തിരുന്ന എട്ടോളം ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. പാര്‍ക്കിങ്ങിനു പുറമെ ഈ വ്യാപാര സമുച്ചയത്തിലെ കെട്ടിടത്തിന്റെ ഗോഡൗണായും താഴത്തെ പ്രദേശമാണ് ഉപയോഗിക്കുന്നത്. അതിനാൽതന്നെ നാശനഷ്ടങ്ങൾ ഉയരാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ