കൊച്ചി: മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ പരീക്ഷണ ഓട്ടം വെള്ളിയാഴ്ച തുടങ്ങും. സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.

പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജനറലിന്റെ അനുമതി ബുധനാഴ്ച കിട്ടി. വെള്ളിയാഴ്ച രാവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപത്തെ സ്റ്റേഷനില്‍ നിന്ന് പാലാരിവട്ടത്തേക്കാണ് പരീക്ഷണ ഓട്ടം. ട്രാക്ക് പരിശോധനയ്ക്കായതിനാല്‍ ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിനാണ് ഉപയോഗിക്കുക.

അഞ്ചു സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി. റോഡ്‌, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം.

ആദ്യഘട്ടമായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ് മറ്റു പദ്ധതികളെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള പ്രയാസമായിരുന്നു ഇതിന് പിന്നില്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ മാത്രമാണ് യാഥാര്‍ത്ഥ്യമായത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ