തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊച്ചി മെട്രോ യാഥാർഥ്യമാകുന്നു. കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ പറഞ്ഞു. റെയിൽവേ സുരക്ഷാ കമ്മിഷന്റെ പരിശോധനകൾക്കുശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനം സംബന്ധിച്ച അനിശ്ചിതത്വങ്ങളെല്ലാം മാറി. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സർവീസ് നടത്തുക. രണ്ടാംഘട്ടം നാലു മാസത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചകൾക്കുശേഷം അദ്ദേഹം വ്യക്തമാക്കി.

ആലുവ മുതൽ മഹാരാജാസ് വരെയുളള പണി പൂർത്തിയാക്കിയശേഷം ഉദ്ഘാടനം മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഇതേത്തുടർന്ന് ഉദ്ഘാടനം സംബന്ധിച്ച് തീരുമാനം നീണ്ടുപോയി. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പാലാരിവട്ടംവരെ മതിയെന്ന തീരുമാനമായത്. മഹാരാജാസ് ഗ്രൗണ്ട് ജംങ്ഷൻ വരെ മാത്രമാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനുശേഷമുളള ഭാഗത്തേക്കുളള ഭൂമിയേറ്റെടുക്കൾ നടപടികൾ നടക്കുന്നതേയുളളൂ. വൈറ്റില വരെയാണ് മെട്രോ പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ