തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം മെയ് 30 ന് നടക്കില്ല. ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതിനെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെ തുടർന്നാണ് കടകംപള്ളി സുരേന്ദ്രൻ തന്റെ നിലപാട് തിരുത്തിയത്. ഉദ്ഘാടന തീയതി സംബന്ധിച്ച് തങ്ങൾക്ക് കടുംപിടുത്തം ഇല്ലെന്നും മന്ത്രി പ്രതികരിച്ചു. അതേസമയം, കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ ഏപ്രിൽ 12ന് തന്നെ ക്ഷണിച്ചതാണെന്നും കടകംപള്ളി പ്രതികരിച്ചു. പ്രധാനമന്ത്രിയെ ക്ഷണിക്കണം എന്നത് തന്നെയായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട് എന്നും വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും മന്ത്രി പ്രതികരിച്ചു. വികസന കാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് താൽപ്പര്യം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ