കൊച്ചി: മാധ്യമപ്രവര്‍ത്തകനായ പ്രതീഷ് രമ മോഹന് നേരെ വീണ്ടും പൊലീസ് അതിക്രമം. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പൊലീസ് സംഘം കലൂര്‍ പോണോത്ത് റോഡിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്തത്. സ്ത്രീകളടക്കം വരുന്ന മാധ്യമപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ വീട്ടിലുള്ളപ്പോഴാണ് വനിതാ പൊലീസ് പോലും ഇല്ലാതെ എസ്ഐയുടെ നേതൃത്വത്തിൽ  വീട്ടില്‍ അതിക്രമിച്ചു കയറിയതും പ്രതീഷിനെ ബലം പ്രയോഗിച്ച് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയതുമെന്നാണ് പരാതി.

ഈ മാസം ഒന്നിന് പൊലീസിന്റെ അതിക്രമത്തിനിരയായതിനെതിരെ പ്രതീഷ് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ സിറ്റിങ്ങിൽ പരിഗണനയ്ക്ക് വരാനിരിക്കെയാണ് പുതിയ സംഭവം.

രാത്രി 9:30 ഓടെയാണ് പ്രതീഷിന്‍റെ വീടിന് താഴെ ആളുകള്‍ കൂട്ടംകൂടുന്നതും  ബഹളംവയ്ക്കുന്നതും. ‘ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ആളുകള്‍  തടിച്ചുകൂടിയതെന്നും അവര്‍ ആക്രമിക്കും എന്ന് ഉച്ചത്തില്‍ തന്നെ പറയുന്നുണ്ടായിരുന്നു എന്നും സംഭവസമയത്ത് പ്രതീഷിന്‍റെ വീട്ടിലുണ്ടായിരുന്ന നീതു മാളു പറഞ്ഞു. “ഞങ്ങള്‍ വീടിനുള്ളില്‍ ഒരു അക്രമം പ്രതീക്ഷിച്ച് ഇരിക്കുകയാണ്. അവര്‍ ഉറക്കെ തന്നെയാണ് സംസാരിക്കുന്നത്. നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഇതൊന്നും. നാലഞ്ചുപേര്‍ ചേർന്ന് വീട്ടില്‍ പ്രവേശിച്ച് ആണിനേയും പെണ്ണിനേയും തല്ലിയൊതുക്കും എന്നൊക്കെ അവര്‍ ഉറക്കെതന്നെയാണ് പറയുന്നത്. ഒന്നര മണിക്കൂറോളം ഇത് തുടരുകയാണ്.” നീതു പറഞ്ഞു.

ഈ സംഘത്തിന്‍റെ പരാതിയിന്മേലാണ് പൊലീസ് സ്ഥലത്ത് എത്തുന്നത്. ‘പബ്ലിക് നൂയിസന്‍സ്’ എന്ന പരാതിയിന്മേലാണ് തങ്ങളെത്തിയത് എന്ന് പറഞ്ഞ പൊലീസ് ‘ വീടിന്റെ ബാൽക്കണിയില്‍ വച്ച് പുകവലിച്ചു, മദ്യപിച്ചു, ബിയര്‍ ബോട്ടില്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു’ എന്നു ആരോപിക്കുകയും ചെയ്തു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണതെന്ന് വിശദീകരിച്ച പ്രതീഷും സുഹൃത്തുകളും അറസ്റ്റ് വാറണ്ടോ വനിതാ പൊലീസോ ഇല്ലാതെ അവരോടൊപ്പം പോകേണ്ടതില്ലെന്നും പറഞ്ഞു. അതിനെതുടര്‍ന്ന് പിന്‍വാങ്ങിയ പൊലീസ് അക്രമഭീഷണി മുഴക്കി നില്‍ക്കുന്ന ആള്‍കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ പോലും ആവശ്യപ്പെട്ടില്ലെന്ന് അവർ പറയുന്നു.

“അൽപസമയത്തിനു ശേഷം ആള്‍കൂട്ടത്തോട് സംസാരിക്കുവാനാണ് പ്രതീഷും ഞാനും മാധ്യമപ്രവര്‍ത്തകരടക്കമുള്ള നാല് പേരും താഴേക്ക് പോകുന്നത്. അവിടെ വച്ച് അവര്‍ പ്രതീഷിനെ മര്‍ദ്ദിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്തു. ഞങ്ങള്‍ സംയമനത്തോടെ ശാന്തമായി കാര്യങ്ങള്‍ നേരിട്ടപ്പോള്‍ അവര്‍ പിരിഞ്ഞുപോവുകയായിരുന്നു.” സംഭവമറിഞ്ഞ്  സ്ഥലത്തെത്തിയ നിയമവിദ്യാര്‍ഥിയായ പ്രതീഷിന്‍റെ സുഹൃത്ത് ലാസിം യൂസഫ്‌  പറഞ്ഞു.

പത്ത് മിനിറ്റിന് ശേഷം വീണ്ടും വാതിലില്‍ മുട്ട് കേട്ടു. നോര്‍ത്ത് എസ്ഐ വിപിന്‍‌ദാസും മറ്റൊരു പൊലീസുകാരനും സ്ഥലം കൗണ്‍സിലറുമായിരുന്നു അത്. “ഞങ്ങള്‍ വാതിൽ തുറന്നപ്പോഴേക്കും നിങ്ങളെ തല്ലിയത് ആരാണ് എന്ന് കൗണ്‍സിലറോട് ചോദിക്കുകയും ഉത്തരം കിട്ടുന്നതിന് മുന്‍പ് തന്നെ വീട്ടില്‍കയറി പ്രതീഷിനെ കോളറില്‍ പിടിച്ച് വലിച്ചിഴച്ചു പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. ” നീതു പറഞ്ഞു.

വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ പൊലീസ് മര്‍ദ്ദനം ആരോപിക്കുന്ന പ്രതീഷ്

പോണോത്ത് റോഡിലെ റോസ് അപാര്‍ട്ട്‌മെന്‍റില്‍ ബഹളം നടക്കുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞതിനെ തുടര്‍ന്നാണ്‌ താന്‍ എത്തിയത് എന്നും തനിക്ക് ‘പരാതിയില്ല’ എന്നുമാണ് കലൂര്‍ സൗത്ത് കൗണ്‍സിലര്‍ എംജി  അരിസ്റ്റോട്ടില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞത്. ” ആളുകള്‍ തടിച്ചുകൂടിയൊരു സാഹചര്യത്തില്‍ കൗണ്‍സിലര്‍ എന്ന നിലയ്ക്ക് അവിടെയെത്തിയതാണ് ഞാന്‍. എന്നെ പ്രതീഷ് മര്‍ദ്ദിച്ചതായി പരാതി  ഞാന്‍ കൊടുത്തിട്ടില്ല.” അരിസ്റ്റോട്ടില്‍ പറഞ്ഞു.

ആളുകള്‍ തടിച്ചുകൂടുന്നത് കണ്ടാണ് താനും അവിടെ നിന്നതെന്ന് പ്രതീഷിന്റെ വീട്ടിനുമുന്നില്‍ കൂട്ടംകൂടി നിന്നവരില്‍ ഒരാളായ രാജേഷ് പറഞ്ഞു. “അവര്‍ ആണും പെണ്ണുമൊക്കെ അവിടെ കള്ളുകുടിക്കുന്നു എന്നൊക്കെ പറഞ്ഞാണ് ആളുകള്‍ കൂടിയത്. ആരൊക്കെയോ അവിടെ ഉണ്ടായിരുന്നു.  എനിക്ക് ആര്‍ക്കെതിരെയും പരാതിയില്ല,” രാജേഷ് പറഞ്ഞു.

ഡിസംബര്‍ ഒന്നിന് പ്രതീഷിനും സാമൂഹ്യപ്രവര്‍ത്തകയായ ബര്‍സയ്ക്കും നേരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ  പൊലീസുകാര്‍  നടത്തിയ അതിക്രമം വാര്‍ത്തയായിരുന്നു. പ്രതീഷിനെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന റെയില്‍വേ സ്റ്റേഷനില്‍ പോകുന്ന വഴിയില്‍ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതീഷിനെ വിളിച്ചുവരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത് ഏറെ വിവാദമായി.  സംഭവത്തിനു ശേഷം പ്രതീഷ് മനുഷ്യാവകാശ കമ്മീഷനിലും പൊലീസ് കംപ്ലെയ്‌ന്ര് അതോറിറ്റിയിലും പരാതി നല്‍കിയിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങ് നടക്കാനിരിക്കെ വ്യാഴാഴ്ച സംഭവിച്ച കാര്യങ്ങള്‍ പൊലീസിന്‍റെ പകപോക്കല്‍ നടപടിയാണ് എന്നും പ്രതീഷിനെ കുടുക്കാന്‍ തയ്യാറാക്കിയ നാടകമാണ് ഇതെന്നും പ്രതീഷിന്‍റെ സുഹൃത്തുക്കൾ ആരോപിക്കുന്നു.

“ഇന്നലത്തെ പ്രശ്നം പൊലീസ് വലുതാക്കിയതാണ്. പണി നിര്‍ത്തിപോകണം എന്നാണ് അവരെന്നോട് പറഞ്ഞത്. പൊലീസിന്‍റെ അതിക്രമങ്ങളെക്കുറിച്ച് വാര്‍ത്ത കൊടുക്കുന്നതാണ് അവരെ പ്രകോപിപ്പിക്കുന്നത്. ‘നിന്നെ ഞങ്ങളുടെ കൈയ്യില്‍ കിട്ടുമെന്ന് ഞാന്‍ അന്നേ പറഞ്ഞതല്ലേ’ എന്നും എസ്ഐ വിപിന്‍ദാസ്‌ എന്നോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ ആളുകളുടെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം അത് പരാതിയാണെന്ന് സ്വമേധയാ തീരുമാനിച്ചുകൊണ്ട് ഓണ്‍ലൈന്‍ വഴി കേസ് ഫയല്‍ ചെയ്യുകയാണ് വിപിന്‍‌ ദാസ് ചെയ്തത്. അത്ര തിടുക്കത്തില്‍ കൊടുക്കേണ്ട ഒരു കേസൊന്നുമല്ല ഇത്. വ്യക്തിവൈരാഗ്യം തീര്‍ക്കുവാനുള്ള നടപടി മാത്രമാണ് ഇത്.” പ്രതീഷ് രമ മോഹന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

രാത്രി എട്ട് മണിയോടെ ചിലയാളുകളുടെ ഫോൺകോളുകൾ കൺട്രോൾ റൂമിൽ ലഭിച്ചതിനെ തുടർന്നാണ് തങ്ങൾ അവിടെ എത്തിയതെന്ന് നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വി.എം.അലി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. വീടിന് മുന്നിൽ  ആളുകൾ തടിച്ചുകൂടിയിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രശ്നം പരിഹരിക്കാനാണ് പൊലീസ് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവെങ്കിലും സ്റ്റേഷനിലെ എസ്ഐ വിപിൻദാസ് പ്രതികരിക്കരിക്കാൻ വിസമ്മതിച്ചു.

പ്രതീഷിനെ വെള്ളിയാഴ്ച രാവിലെയോടെ ജാമ്യത്തില്‍ വിട്ടു. ഐപിസി 323, 341, 294 ബി, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രതീഷിനെതിരെ കേസെടുത്തിട്ടുണ്ട് എന്ന് എറണാകുളം നോര്‍ത്ത് എസ്ഐ വിപിന്‍ദാസ് അറിയിച്ചു. പൊതുവിടത്ത് അസഭ്യം പറയല്‍, ഉപദ്രവിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ