കൊച്ചി: നഗരമധ്യത്തിൽ ഏറെ ജനത്തിരക്കേറിയ ഇലക്ട്രോണിക് സ്ട്രീറ്റിലാണ് ഇന്ന് ഉച്ചയ്‌ക്ക് തീപിടിത്തം ഉണ്ടായത്. കൃത്യസമയത്ത് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. എന്നാൽ അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അഗ്നിരക്ഷാസേന ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇലക്ട്രോണിക് സ്ട്രീറ്റിലെ റോയൽ ടവറിന്റെ ബേസ്മെന്റിലാണ് ഇന്ന് വൈകിട്ട് നാല് മണി കഴിഞ്ഞപ്പോൾ തീയുയർന്നത്. ബേസ്മെന്റിലെ പാർക്കിംഗ് ഏരിയയിൽ ഈ കെട്ടിടത്തിലെ തന്നെ ഒരു കടയിൽ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നു. ഇതിനോടൊപ്പം പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ്, തെർമോക്കോൾ തുടങ്ങിയ ഒട്ടനേകം മാലിന്യങ്ങൾ വേറെയുമുണ്ടായിരുന്നു. ഇതിൽ നിന്നാണ് തീയാളിയത്.

“ഗോഡൗണല്ല ഇത്, ബേസ്മെന്റാണ്. ശരിക്കും വണ്ടി പാർക്ക് ചെയ്യാൻ വേണ്ടി ഉപയോഗിക്കേണ്ട സ്ഥലമാണ്. അവിടെ ഇലക്ട്രോണിക് വേസ്റ്റുകൾ കൊണ്ടിട്ടതാണ്. കുറച്ചുകൂടി ശ്രദ്ധിച്ച് കൈകാര്യം ചെയ്യണ്ടതാണ്. കെട്ടിടത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞാൽ പിന്നെയെല്ലാം തോന്നുംപടിയാണ്. അതാണ് ഇങ്ങിനെയുള്ള അപകടം വിളിച്ചുവരുത്തുക.”, ഉണ്ണികൃഷ്ണൻ പറഞ്ഞു.

അതേസമയം ബേസ്മെന്റിലെ തീയണക്കാൻ അഗ്നിരക്ഷാ സേനയ്ക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. നാല് ഭാഗത്തുനിന്നും ബേസ്മെന്റിനകത്തേക്ക് വെള്ളം ചീറ്റാൻ അഗ്നിരക്ഷാ സേനയ്ക്ക് സാധിച്ചു. ഇതാണ് അര മണിക്കൂർ സമയം കൊണ്ട് തീയണക്കാൻ സഹായിച്ചത്. സംഭവമറിഞ്ഞ ഉടൻ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റും ക്ലബ് റോഡ് സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും സ്ഥലത്തെത്തി.

തൃക്കാക്കരയിൽ നിന്ന് വന്ന ഫയർ യൂണിറ്റിന് ഇടുങ്ങിയ റോഡിലെ ഗതാഗതക്കുരുക്കും തിരക്കും മൂലം ഇവിടേക്ക് എത്തിപ്പെടാൻ സാധിച്ചില്ല. ഇവരെത്തും മുൻപ് തന്നെ തീ നിയന്ത്രണവിധേയമായിരുന്നു.

അതേസമയം കെട്ടിടം അഗ്നിരക്ഷാസേനയുടെ ചട്ടങ്ങൾ പാലിച്ചാണ് നിർമ്മിച്ചതെന്ന് അഗ്നിരക്ഷാസേനയ്ക്ക് നേതൃത്വം നൽകിയ ഉണ്ണികൃഷ്ണൻ പറഞ്ഞു. അപകടത്തിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഇതിന് പുറമേ അഞ്ച് ബൈക്കുകളും മൂന്ന് സ്കൂട്ടറുകളും കത്തിനശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ