കൊച്ചി: ചെല്ലാനത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടർന്ന് രാത്രികാല ആഘോഷങ്ങൾക്ക് കൊച്ചി സിറ്റി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനും ഗാനമേള പോലുള്ള പരിപാടികൾ നടത്തുന്നതിനും ആണ് നിയന്ത്രണം. രാത്രി പത്തു മണിക്ക് ശേഷം ഇതോടെ ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും ആഘോഷപരിപാടികൾ നടക്കില്ല.

കൊച്ചി സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ ജി.എച്ച്.യതീഷ്ചന്ദ്രയാണ് പൊലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. “സാധാരണ നടപടി ക്രമം മാത്രമാണിത്. സംസ്ഥാനത്ത് നിലവിലുള്ള നിയമം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നുവെന്ന് മാത്രം. സാധാരണ ഗാനമേള പോലുള്ള പരിപാടികൾ നടക്കുന്പോൾ മദ്യപിച്ചെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇവരെ നിയന്ത്രിച്ച് നിർത്തുന്നതിന് പൊലീസിന് പരിമിതികളുണ്ട്. ചെല്ലാനത്ത് മദ്യപിച്ചെത്തിയവരാണ് രാത്രി പൊലീസുമായി ഏറ്റുമുട്ടിയത്.” അദ്ദേഹം പറഞ്ഞു.

നിലവിൽ ഉദാരമായാണ് രാത്രികാല പരിപാടികളിൽ സംസ്ഥാനമൊട്ടാകെ പൊലീസ് നടപടിയെടുക്കാറുള്ളത്. രാത്രി പത്തുമണിക്ക് ശേഷവും ആഘോഷപരിപാടികൾക്ക് പൊലീസ് എവിടെയും തടസ്സം നിൽക്കാറില്ല. “പ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ കരുതൽ നടപടിയായാണ് നിയമം കർശനമായി നടപ്പിലാക്കുന്നത്. ഇത് നിയമസഭ വർഷങ്ങൾക്ക് മുൻപേ അംഗീകരിച്ചതാണെന്നും പൊലീസ് അധികമായി ഒന്നും ചെയ്തില്ലെന്നും” അദ്ദേഹം പറഞ്ഞു.

ആചാര-അനുഷ്ഠാനങ്ങൾക്കെതിരായി പോലീസ് ഒരു നീക്കവും നടത്തുന്നില്ലെന്ന് കൊച്ചി സിറ്റി പരിധിയിലെ വിവിധ സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ വ്യക്തമാക്കി. “രാത്രി പരിപാടി നടത്താൻ ഉച്ചഭാഷിണിക്ക് അനുമതി തേടിയെത്തുന്നവരോട് നിബന്ധനകൾ കർശനമായി പാലിക്കേണ്ട കാര്യം അറിയിക്കുന്നുണ്ടെന്ന്” എറണാകുളം ടൗൺ സെൻട്രൽ പോലീസ് സ്റ്റേഷൻ എസ്.ഐ എസ് വിജയശങ്കർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ