തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ തീരപ്രദേശത്ത് ന്യൂനമർദ്ദം ശക്തിപ്പെട്ടു. ഇത് ചുഴലിക്കാറ്റായി മാറാനുളള സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ നിരീക്ഷണ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി അടിയന്തിര യോഗം വിളിച്ചുചേർത്തു.

അടുത്ത വ്യാഴാഴ്ചവരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസമായി തെക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ശ്രീലങ്കൻ തീരത്ത് നിന്ന് ന്യൂനമർദ്ദം കേരള തീരം വഴി ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് ഇത്തവണ നേരത്തേ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ശക്തമായ ജാഗ്രത നിർദ്ദേശം നൽകിയത്.

തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മുതൽ മൂടപ്പെട്ട കാലാവസ്ഥയാണ്. ഇവിടെ വിവിധയിടങ്ങളിൽ മഴയും പെയ്യുന്നുണ്ട്. കൂടുതൽ ശക്തമായി മഴ പെയ്യാനുളള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വിവരം. അതിനാൽ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തുളളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം തിരുവനന്തപുരത്ത് യോഗം പുരോഗമിക്കുകയാണ്. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള തീരത്തോട് ചേർന്ന് കാറ്റ് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുളളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ