കൊല്ലം: ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആർടി ബസുകൾക്കുനേരെ വ്യാപക അക്രമമുണ്ടായി. ഹർത്താൽ അനുകൂലികൾ ബസിനുനേരെ കല്ലെറിഞ്ഞു.

സിപിഎം.-ബിജെപി സംഘർഷത്തെ തുടർന്ന് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകന്റെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. റിട്ട.എസ്ഐയായ രവീന്ദ്രനാഥാണ് മരിച്ചത്. തലച്ചോറിനേറ്റ ക്ഷതമാണ് മരണത്തിന് കാരണം. കടയ്ക്കൽ മണ്ഡലം പ്രസിഡന്റായിരുന്നു രവിന്ദ്രനാഥ്. കടയ്‌ക്കൽ പ്രദേശത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് രാത്രി 11 മണിയ്ക്ക് കാഞ്ഞിരത്തുംമൂട്ടിലെ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തനിടെയാണ് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയവൈരാഗ്യമാണ് വഴക്കിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങിയത്. തലയ്ക്ക് അടികിട്ടിയ രവീന്ദ്രനാഥ് സംഭവസ്ഥലത്ത് ബോധരഹിതനായി വീണു. തുടര്‍ന്ന് സമീപവാസികള്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ