തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് മുമ്പ് സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കനൊരുങ്ങുന്നു. ഫോർസ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുന്നതായിരിക്കും അതിൽ പ്രധാനപ്പെട്ട തീരുമാനമെന്നറിയുന്നു. ടൂറിസം രംഗത്ത് നേരിടുന്ന കനത്ത തിരിച്ചടിയും മാന്ദ്യവും മറികടക്കാൻ മറ്റുവഴികളിലെന്നതിനാലാണ് ഈ തീരുമാനം. എന്നാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി മാത്രം തുറക്കാൻ അനുമതി നൽകനാണ് തീരുമാനമെന്നറിയുന്നു. ബവ്റിജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ മദ്യവിൽപ്പനക്കടകൾ ഓരോ വർഷവും പത്തുശതമാനം വീതം പൂട്ടുമെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനവും പുതിയ മദ്യനയത്തിൽ മാറ്റം വരുത്തിയേക്കും.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയിൽ ഈ വിഷയം കഴിഞ്ഞ മാസം വന്നുവെങ്കിലും ഇത് എൽ ഡി എഫിന്റെ തീരുമാനമായി കൊണ്ടുവന്നാൽ മതിയെന്ന നിലപാടിലാണ് സിപി എം. അതിന് മുന്പ് പ്രഖ്യാനപങ്ങൾക്ക് സി പി എം തയ്യാറല്ല. എൽ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ ഉൾപ്പെടയുളളവർ ഈ നയത്തോട് വിയോജിപ്പ് രേഖപ്പെടുത്തില്ലെന്ന ഉറപ്പാണ് സിപി എമ്മിനുളളത്.
സി പി ഐ നേരത്തെ തന്നെ ബാറുകൾ പൂട്ടിയതിനെതിരെ രംഗത്തു വന്നിരുന്നു. ടൂറിസം രംഗത്ത് വന്ന മാന്ദ്യവും രാജ്യന്തര കോൺഫറസുകളിൽ പലതും കേരളത്തിൽ നിന്നും മാറിയതും ബാർ നിരോധനമായിരുന്നുവെന്നു യു ഡി എഫ് കാലത്ത് തന്നെ ആക്ഷേപമുണ്ടായിരുന്നു. മുൻ ടൂറിസം മന്ത്രി എ സി മൊയ്തീനും ഇപ്പോഴത്തെ മന്ത്രി കടകംപളളിയും ഈ അഭിപ്രാത്തോട് യോജിക്കുകയും ചെയ്യുന്നുണ്ട്. നോട്ട് നിരോധനം കൂടെ വന്നതോടെ ടൂറിസം മേഖല കനത്ത തിരിച്ചടി നേരിടുകയാണ്. കേരളത്തിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ ടൂറിസം രംഗത്തെ തിരിച്ചടിയുടെ അളവ് കുറയ്ക്കാൻ ബാർനിരോധനം പിൻവലിക്കണമെന്ന നിലപാടിലാണ് ഈ​ തീരുമാനമെന്നറിയുന്നു.
എന്നാൽ സർക്കാർ നയത്തിനെതിരായി ക്രിസ്ത്യൻ, മുസ്ലിം സാമുദായിക സംഘടനകളും യു ഡി​എഫും രംഗത്തുവരുമെന്ന കണക്കൂകൂട്ടലിൽ തന്നെയാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ സി പി എം തീരുമാനിച്ചിട്ടുളളത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായ ബാർ നിരോധനത്തിന്റെ തുടർച്ചയിൽ കേരളത്തിൽ പതഞ്ഞുപൊങ്ങിയത് മദ്യവിവാദങ്ങളായിരുന്നു. ബാർകോഴവിവാദം കേരളത്തിൽ വിവാദത്തിന്റെ ലഹരിയുയർത്തി നുരഞ്ഞു. ബാർ ഉടമകളും മന്ത്രിമാരുമെല്ലാം പരസ്പരം ആരോപണം ഉന്നയിച്ചു.
ദേശീയ പാതയോരത്തെ മദ്യക്കടകൾ മാറ്റണമെന്ന സുപ്രീം കോടതി വിധി സംബന്ധിച്ച ആശങ്കയിലാണ് സംസ്ഥാനം. ഇതിനിടിയിൽ ബാറുകൾക്ക് ഇത് ബാധകമല്ലെന്ന് അറ്റോർണി ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതായി റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ