തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനിരയായവർക്കായി സർക്കാരിന്റെ പ്രത്യേക പാക്കേജിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളും തുടർന്ന് സ്വീകരിക്കേണ്ട നടപടികളും ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. ചീഫ് സെക്രട്ടറിക്കായിരിക്കും പാക്കേജ് നടപ്പാക്കുന്നതിന്റെ ചുമതല.

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ച് ലക്ഷം, ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആകെ 20 ലക്ഷം രൂപ ഓരോ കുടുംബത്തിനും നല്‍കുന്നത്. ഗുരുതരമായി പരിക്കേറ്റ് തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബദല്‍ ജീവിതോപാധിയായി ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 40 രൂപയും വീതം ഏഴ് ദിവസത്തേയ്ക്ക് അനുവദിക്കും. സൗജന്യ റേഷന്‍ ഒരു മാസത്തേക്ക് നല്‍കാനും തീരുമാനിച്ചു. ചുഴലിക്കാറ്റില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം കണക്കാക്കി തത്തുല്യമായ തുക നല്‍കും.

മരണമടയുകയോ കാണാതാകുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം എന്നിവയും നല്‍കും. ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്ന സഹായവും തുടര്‍ സഹായങ്ങളും വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എന്നിവരുടെ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുനരധിവാസം, മത്സ്യത്തൊഴിലാളികളുടെ വിദ്യാഭ്യാസം എന്നിവയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റവന്യൂ, മത്സ്യബന്ധന വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ പാക്കേജ് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത് അംഗീകാരം നൽകുകയായിരുന്നു. ഇതോടൊപ്പം രണ്ടു വകുപ്പുകളും വെവ്വേറെ റിപ്പോർട്ടുകളും സമർപ്പിച്ചു. ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ ജില്ലാ കലക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് തൊഴിൽ മേഖലയിലേക്ക് മടക്കിക്കൊണ്ടുവരാനാണ് ശ്രമം. വീടുതകർന്നവർ, ഇപ്പോൾ ചികിത്സയിലുള്ളവർ എന്നിവർക്ക് പ്രത്യേക സഹായം നൽകും. കാണാതായ മൽസ്യതൊഴിലാളികളുടെ കുടുംബങ്ങളുടെ കാര്യം പ്രത്യേകം പരിഗണിക്കും.

അതേസമയം, ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ മരണം മുപ്പത്തിയഞ്ചായി. ദുരന്തത്തില്‍ നിന്ന് ഇതുവരെ 2664 പേർ രക്ഷപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 92 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന് റവന്യൂവകുപ്പ് പറയുമ്പോള്‍ ഇരുനൂറോളം പേർ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്കുകള്‍. ഇനിയും കണ്ടെത്താനുള്ളവരില്‍ ഏറെയും തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ