ന്യൂഡൽഹി: ടി.പി.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സത്യവാങ്മൂലം നല്‍കിയത്. ”കോടതിയെയും കോടതി നിർദേശങ്ങളെയും ബഹുമാനത്തോടെയാണ് കാണുന്നത്. അതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാൻ വൈകിയത്. അഡ്വക്കേറ്റ് ജനറലിന്റെയും നിയമ സെക്രട്ടറിയുടെയും ഉപദേശം തേടിയശേഷമാണ് കേസിൽ വ്യക്തത തേടി അപേക്ഷ നൽകിയത്. അപേക്ഷയിന്മേൽ സുപ്രീംകോടതി മറുപടി ലഭിച്ചശേഷം നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിസഭയാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാത്തിരുന്നതെന്നും” ചീഫ് സെക്രട്ടറി സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചതിനാൽ കോടതിയലക്ഷ്യ ഹർജിയിന്മേലുളള തുടർനടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നും ചീഫ് സെക്രട്ടറി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ് മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.

അതേസമയം, ടി.പി.സെന്‍കുമാര്‍ കേസില്‍ പുനഃപരിശോധനാ ഹര്‍ജി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കും. ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ