തിരുവനന്തപുരം: സി പിഎമ്മിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് എ കെ ആന്രണി. കേരളത്തിലെ സി പിഎമ്മിന് മോദി ഭരണത്തിൽ തുടരുന്നതിലാണ് താൽപര്യമെന്ന് എ കെ ആന്രണി അഭിപ്രായപ്പെട്ടു. സി പി എമ്മിന്രെ ഈ നിലപാടിന് ചരിത്രം മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയെ പുറത്താക്കാൻ കോൺഗ്രസ് ഉൾപ്പടെയുളള മതേതര പാർട്ടികളുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ രേഖ കേന്ദ്ര കമ്മറ്റി തള്ളി കളഞ്ഞതിനോട് പ്രതികരിക്കുകായിരുന്നു ആന്രണി.

മതേതര മുന്നണിയെ മുൻനിർത്തി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കേരളത്തിലെ സി പി എമ്മിന് താൽപര്യമില്ല. ആർ എസ് എസ്സും സി പി എമ്മും തമ്മിലുളള അഡജ്സ്റ്റ്മെന്ര് നാടകമാണ് നടക്കുന്നത്. ചരിത്രം ഇതിന് മാപ്പ് നൽകില്ല അദ്ദേഹം പറഞ്ഞു.

കൊൽക്കത്തിയിൽ നടന്ന സി പി എം കേന്ദ്ര കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ തളളിയിരുന്നു. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ മതേതര സഖ്യം രൂപപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു രേഖ. ഈ രേഖ തളളി പകരം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നോട്ട് വച്ച രേഖയാണ് അംഗീകരിച്ചത്.

സി പി എമ്മിന് കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്നതാണ് പ്രകാശിന്രെ രേഖയുടെ കാതൽ. ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്താക്കണമെന്ന നിലപാടിൽ യെച്ചൂരിയും പ്രകാശും ഒരേ നിലപാടിലായിരുന്നുവെങ്കിലും അതിന് കോൺഗ്രസ്സുമായുളള ബന്ധം ആവശ്യമില്ലെന്ന നിലപാടാണ് പ്രകാശ് കാരാട്ട് പക്ഷം സ്വീകരിച്ചത്. 31 ന് എതിരെ 55 വോട്ടുകൾക്കാണ് കേന്ദ്ര കമ്മിറ്റി സീതാറാം യെച്ചൂരിയുടെ രേഖ തളളിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ