തിരുവനന്തപുരം: കേരളത്തിൽ ചുഴലിക്കാറ്റുണ്ടാകുമെന്ന് കൃത്യമായ മുന്നറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവംബർ 28ന് മുന്നറിയിപ്പു കിട്ടിയിരുന്നില്ല. 29ന് 2.30ന് മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പു കിട്ടിയിരുന്നു. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പു ലഭിച്ചത്. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ഇ-മെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പു ലഭിച്ചിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ കടലിൽ പോകുന്നതിനെ കുറിച്ച് മുന്നറിയിപ്പുണ്ടായിരുന്നു. 30നും ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ന്യൂനമർദത്തെക്കുറിച്ചുള്ള വിവരം മാത്രമാണുണ്ടായിരുന്നത്.

മുന്നറിയിപ്പു കിട്ടിയതിനുശേഷം ഒരു നിമിഷം പോലും പാഴാക്കിയിരുന്നില്ല. ദുരന്തം നേരിടുന്നതിൽ സംസ്ഥാന സർക്കാരിനു വീഴ്ചയില്ല, കേന്ദ്രമന്ത്രിമാരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാനം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. ഇത്രയും ശക്തമായ ചുഴലിക്കാറ്റ് നൂറ്റാണ്ടിൽ ആദ്യമായിട്ടാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ