തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. എന്നാൽ ബജറ്റ് അവതരണം അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ബജറ്റ് സമൂഹമാധ്യമത്തിലൂടെ ചോർന്നു എന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ബജറ്റ് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ ഉറപ്പ് നൽകി. വിഷയത്തെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് ഇപ്പോൾ അറിയില്ലെന്നും സംഭവം ഗൗരവമുളളതാണെന്നും ധനമന്ത്രി തോമസ് ഐസകും സഭയിൽ പറഞ്ഞു.

ധനമന്ത്രി സഭയിൽ ബജറ്റ് അവതരണം വീണ്ടും തുടങ്ങിയപ്പോഴേക്കും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോകുകയായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവിന്റെ പക്കൽ ലഭിച്ച ബജറ്റിന്റെ കോപ്പി മീഡിയ റൂമിൽ അദ്ദേഹം അവതരിപ്പിച്ചു. ധനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ബജറ്റ് ചോർന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തെത്തുടർന്ന് ധനമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 68-ാം ബജറ്റും തോമസ് ഐസക്കിന്റെ എട്ടാമത്തെയും ബജറ്റാണ് ഇന്നത്തേത്. പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണെങ്കിലും സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണിത്.

Live Updates

11:54 am – ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

11:46 am – ധനമന്ത്രി ബജറ്റ് അവതരണം പൂർത്തിയാക്കി.

11:44 am – ശമ്പളച്ചെലവ് 31,909 കോടി രൂപ. പെൻഷൻ 18, 174 കോടി. പലിശ ഇനത്തിൽ 13,631 കോടി രൂപ. ശമ്പളം, പെൻഷൻ, പലിശ ആകെ വരുമാനത്തിന്റെ 68.08 %

11:41 am – ബജറ്റ് –ആകെ വരുമാനം 1,19,124 കോടി രൂപ. ചെലവ് 1,19,601 കോടി രൂപ. റവന്യൂ കമ്മി 16,043 കോടി രൂപ(2.14 %).

11: 41 am – നിയമസഭയിൽ നിന്ന് ഇറങ്ങി പോയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്‌ക്ക് പുറത്ത് സമാന്തര ബജറ്റ് അവതരണം നടത്തുന്നു.

11:40 am – വാറ്റ് വ്യാപാരികൾക്ക് 2005-06 മുതൽ 2010-11 സാമ്പത്തികവർഷം വരെയുളള നികുതികുടിശ്ശിക പൂർണമായും അടച്ചാൽ കുടിശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുടെ പലിശയും ഇളവ്.

11:37 am – തിരുവനന്തപുരം, തൃശൂർ, കാസർകോട് ജില്ലകളിൽ ഒരോ റവന്യൂ ഡിവിഷൻ കൂടി. കുന്നംകുളം, പയ്യന്നൂർ എന്നിവിടങ്ങളിൽ പുതിയ താലൂക്ക്.

11. 36 am – ധനമന്ത്രി ബജറ്റ് വായന തുടരുന്നു

11.35 am – ബജറ്റ് ചോർച്ചയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപോയി.

11:33 am – ബജറ്റിലെ ചില വിഭാഗങ്ങൾ വായിച്ചതായി കണക്കാക്കണമെന്ന് അഭ്യർഥിച്ച ധനമന്ത്രി ജിഎസ്ടി സംബന്ധിച്ച വിവരങ്ങളിലേക്കു കടന്നു.

11:30 am – പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണ്യ വികസനത്തിനും 18 കോടി രൂപ.

11: 29 am – ബജറ്റ് അവതരണം വീണ്ടും തുടങ്ങി

11.24 am – ബജറ്റ് ചോർന്നെന്ന ആരോപണം ഗൗരവമുളളതാണെന്ന് ധനമന്ത്രി

11.21 am – ബജറ്റ് ചോർന്നതിനെക്കുറിച്ചും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

11.20 am – ബജറ്റ് ചോർച്ചയെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ.

11.19 am – ബജറ്റ് സമൂഹ മാധ്യമത്തിലലൂടെ ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

11:15 am – കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികം വകയിരുത്തി.

11:14 am – സ്ത്രീകൾക്കു വേണ്ടി പ്രത്യേക വകുപ്പ് 2017-18ൽ നിലവിൽ വരും.

11:14 am – വരൾച്ചാ ദുരിതാശ്വാസ പദ്ധതികൾക്കായി 30 കോടി

11:13 am – ജെൻഡർ ബജറ്റ് പുനസ്ഥാപിച്ചു

11:13 am – ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ തുടങ്ങിയവയ്ക്ക് 19.5 കോടി രൂപ.

11:12 am – വനിതാ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് 34 കോടി രൂപ.

11:11 am – പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്‌ക്കായി 12 കോടി രൂപ.

11:07 am – അക്കാദമി ഓഫ് മാജിക്കൽ സയൻസിന് ഒരു കോടി രൂപ.

11:05 am – ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സുമുച്ചയമാക്കും. ഇതിനായി 100 കോടി രൂപ കിഫ്ബി നൽകും.

11:04 am – പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ. ഇതിന്റെ ചെലവിനായി 500 കോടി രൂപ.

11:00 am – ഒഎൻവി സ്മാരക സാംസ്കാരിക സമുച്ചയത്തിന് രണ്ടു കോടി രൂപ.

10:59 am – 1000 യുവകലാകാരന്മാർക്ക് മാസം 10,000 രൂപ വീതം വജ്രജൂബിലി ഫെലോഷിപ്പ്.

10:58 am – കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപ. അ‍ഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി.

10:56 am – 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടികൾ.

10:52 am – 100 സ്കൂളുകളിൽ കൂടി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങാൻ 9 കോടി രൂപ.

10.50 am – സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം. ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ വകയിരുത്തി.

10:49 am – കണ്ണൂർ വിമാനത്താവള പദ്ധതി ഉടൻ പൂർത്തിയാക്കും.

10:46 am – ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപ.

10:45 am – വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ.

10:44 am – കേരള ജലഗതാഗത കോർപ്പറേഷന് 22 കോടി രൂപ വകയിരുത്തി.

10:41 am – മാർച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും. ഇതിനായി 174 കോടി രൂപ വകയിരുത്തി

10:40 am – കെഎസ്ആർടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്. മാനേജ്മെന്റ് അഴിച്ചു പണിത് പ്രഫഷനലുകളെ നിയമിക്കും. പെൻഷന്റെ 50 ശതമാനം സർക്കാർ നൽകും.

10:37 am – പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി.

10:35 am – 2017-18ൽ വിവിധ റോഡ്, പാലം നിർമാണങ്ങൾക്കായി 1350 കോടി രൂപ.

10:32 am – സംസ്ഥാനത്ത് റോഡുകൾ മെച്ചപ്പെടുത്താൻ അ‍ഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കും

10:30 am – കിഫ്ബിക്ക് പണം സമാഹരിക്കാൻ പ്രവാസികളുടെ ചിട്ടി. കെഎസ്എഫ്ഇയിൽ ചിട്ടിക്ക് ചേരാം.

10:29 am – 630 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ തീരദേശ ഹൈവേയ്ക്കായി 6500 കോടി രൂപ കിഫ്ബി വകയിരുത്തും.

10:28 am – മലയോര ഹൈവെയ്ക്കായി ഒൻപതു ജില്ലകളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.

10:26 am – കിൻഫ്രയ്ക്ക് 111 കോടി രൂപ.

10:25 am – കമ്പോളങ്ങളുടെ ആധുനികവത്കരണത്തിന് 100 കോടി രൂപ കിഫ്ബി ചെലവഴിക്കും.

10:22 am – യുവജനസംരംഭകത്വ പരിപാടിക്ക് 75 കോടി രൂപ.

10:21 am – ഐടി മേഖലയ്ക്ക് 500 കോടി രൂപ വകയിരുത്തും.

10:20 am – 12 ഐടി ഹാർ‍ഡ് വെയർ പാർക്കുകൾ ആരംഭിക്കും.

10:19 am – ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കൽ 1375 കോടി രൂപ.

10:16 am – അക്ഷയ കേന്ദ്രങ്ങളിൽ വൈഫൈ സൗകര്യം.

10:16 am – കെഎസ്ഇബി ശൃംഖലയ്ക്കു സമാന്തരമായി കെ ഫോൺ എന്ന ഫൈബർഓപ്റ്റിക് സംവിധാനത്തിലൂടെ ഭവനങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഒന്നര വർഷത്തിനകം പദ്ധതി നടപ്പാക്കും. ഇതിനായി കിഫ്ബിയിലൂടെ 1000 കോടി രൂപ ചെലവഴിക്കും.

10.14 am – പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സേവനം സൗജന്യമാക്കും. മറ്റുളളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ഇന്റർനെറ്റ് സൗകര്യം പൗരാവകാശമാക്കുന്ന നീക്കമാണിതെന്നും ധനമന്ത്രി.

10.13 am – കേരള ഐടി മിഷന് 100 കോടി രൂപ, സി-ഡിറ്റിന് 5 കോടി

10:11 am – കേരള സഹകരണ ബാങ്ക് രൂപീകരിക്കും.

10:08 am – സ്കൂൾ യൂണിഫോമുകളിൽ കൈത്തറി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും.

10:08 am – 2017-18ൽ നൂറു ചകിരി മില്ലുകൾ കൂടി ആരംഭിക്കാനായി 123 കോടി രൂപ.

10:07 am – കയർമേഖലയ്ക്ക് 128 കോടി രൂപ അനുവദിച്ചു

10:06 am – കാർഷിക മേഖലയ്ക്ക് 2100 കോടി രൂപ.

10.05 am – റേഷൻ സബ്‌സിഡിക്ക് 900 കോടി

10:04 am – തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.

10:02 am – എൻഡോസൾഫാൻ നഷ്ടപരിഹാരത്തിനായി 10 കോടി രൂപ.

10:01 am – കിലോയ്ക്ക് 150 രൂപ ലഭിക്കുന്ന റബർ വിലസ്ഥിരതാ പദ്ധതി തുടരും. ഇതിനായി 500 കോടി രൂപ വകയിരുത്തി.

10:00 am – സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ജീവനക്കാരുടെ ആരോഗ്യ അലവൻസിൽ നിന്ന് ഇതിനുള്ള പ്രീമീയം ലഭ്യമാക്കും.

09:59 am – ഇടമലക്കുടി പഞ്ചായത്തിൽ സ്കൂൾ അനുവദിക്കും.

09:59 am – എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ഹോസ്റ്റലുകളും നവീകരിക്കും.

09.57 am – എസ്‌.സി വിഭാഗങ്ങൾക്ക് 2600 കോടി, എസ്‌.ടിക്ക് 750 കോടി

09:55 am – ഭിന്നശേഷിക്കാർക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയിൽ സംവരണം

09:54 am – അംഗനവാടികൾക്ക് 248 കോടി

09:53 am – സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപയും കൺസ്യൂമർ ഫെഡിന് 150 കോടിയും വകയിരുത്തി.

09:52 am – സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ വകയിരുത്തി

09:51 am – നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി

09:49 am – 200 പഞ്ചായത്തുകളിൽ കൂടി ബഡ്സ് സ്കൂൾ ആരംഭിക്കും. ഇതിൽ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നൽകും. മറ്റ് മാർഗങ്ങളിലെ പിന്തുണ അടക്കം 65 കോടി രൂപ വകയിരുത്തി.

09.48 am – സ്മാർട്ട് സിറ്റികൾക്ക് 100 കോടി.

9:47 am – ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാർക്ക്. ഇതിനായി ഏഴു കോടി രൂപ

09:44 am – അഗതികളെ കണ്ടെത്താൻ കുടുംബശ്രീ പ്രത്യേക സർവേ നടത്തും. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കും.

09:43 am – ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെൻഷൻ വാങ്ങുന്നവർക്ക് അതിലൊരു പെൻഷൻ ഈ സർക്കാർ വരുന്നതിന് മുൻപുള്ള 600 രൂപ നിരക്കിൽ മാത്രമാക്കും.

09:42 am – എല്ലാ സാമൂഹിക ക്ഷേമപെൻഷനുകളും 1100 രൂപയാക്കി ഉയർത്തി

09.40 am – അവയവമാറ്റം നടത്തിയവർക്ക് തുടർചികിത്സയ്‌ക്കുളള മരുന്ന് 10% വിലയ്‌ക്ക്

09.38 am – ജനകീയാസൂത്രത്തിന്റെ രണ്ടാം പതിപ്പ് അനിവാര്യം

09.36 am – 2016-18 നുളളിൽ​ ഒരു ലക്ഷം ഭവനരഹിതർക്ക് വീട് നൽകും. 16,000 കോടി രൂപയെങ്കിലും കിഫ്ബിയിൽ നിന്ന് ഭവനരഹിതർക്ക് വീടുനിർമിക്കാൻ ചെലവഴിക്കേണ്ടി വരുമെന്ന് വിലയിരുത്തൽ.

09.35 am – ഭവനരഹിതർക്കുളള ഫ്ലാറ്റ് സമുച്ചയങ്ങളിൽ അനുബദ്ധ സൗകര്യങ്ങൾ ഒരുക്കും.

09.31 am – ആധുനിക ശ്മശാനങ്ങൾക്ക് 100 കോടി രൂപ

09.30 am – മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താൻ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 5257 തസ്തികകൾ പുതുതായി അനുവദിക്കും.

09.28am – ആശുപത്രികൾ കൂടുതൽ രോഗിസൗഹൃദമാക്കാൻ നടപടി സ്വീകരിക്കും.

09.27 am – പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്ന് ഉറപ്പാക്കും.

09.26 am – ആയിരം കോടി രൂപയിലധികം രോഗികളുടെ സഹായത്തിനായി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കും. കാരുണ്യ പദ്ധതിയിൽ നിന്ന് 350 കോടി രൂപ ചികിൽസാ സഹായം നൽകും.

09.25 am – കിഫ്ബിയിൽ നിന്ന് ജില്ലാ, താലൂക്ക് ആശുപത്രികളുടെ വികസനത്തിന് 2,000 കോടി രൂപ അനുവദിക്കും.

09:24 am – സംസ്ഥാനത്തെ മുഴുവൻ വ്യക്തികളുടെയും ആരോഗ്യവിലയിരുത്തൽ നടപ്പാക്കും.

09.23 am – തൊഴിലുറപ്പ് പദ്ധതി കൂടി ഉൾപ്പെടുത്തി അടുത്ത കാലവർഷ സമയത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കും.

09.22 am – മണ്ണ് – ജല സംരക്ഷണത്തിന് 150 കോടി വകയിരുത്തി

09.19 am – തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ

09.18 am – ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു.

09.17 am – ആഗോള സാമ്പത്തിക രംഗത്ത് കൂടുതൽ പ്രതിസന്ധിയാണ് സാമ്പത്തിക രംഗം അടച്ചുപൂട്ടുന്ന നിലപാടുകളിലൂടെ ട്രംപ് സർക്കാർ യുഎസിൽ സ്വീകരിക്കുന്നത്

09.15 am – എംടിയുടെ ‘നാലുകെട്ട്’ എന്ന നോവലിലെ ‘അപ്പുണ്ണി’ എന്ന കഥാപാത്രത്തെ ഉദാഹരിച്ച് സംസ്ഥാനത്തെ സാമ്പത്തിക നില ധനമന്ത്രി വിശദീകരിച്ചു

09.14 am – നോട്ടുനിരോധനത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമായി കിഫ്ബി മാറും

09.11 am- മൂലധന നിക്ഷേപം ഉറപ്പാക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ് പ്രധാനമായും ലക്ഷ്യമിടുന്നത്.

09.10 am – റവന്യൂ ചെലവിന്റെ വർധനയ്ക്കു തടയിടാനാകാത്ത സ്ഥിതി, റവന്യൂ കമ്മിയിൽ കുറവു വരുത്താനാവില്ലെന്നതാണ് യാഥാർഥ്യം.

09.10 am – ഇത്തവണത്തെ കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമായിരുന്നുവെന്ന് ധനമന്ത്രി

09.01 am – നോട്ടുനിരോധനം ഉളവാക്കിയ പ്രതിസന്ധിയെക്കുറിച്ച് എം.ടി. വാസുദേവൻ നായർ പറഞ്ഞ പ്രസ്താവനയെ ഉദ്ധരിച്ച് ബജറ്റ് പ്രസംഗം ധനമന്ത്രി ആരംഭിച്ചു

09.00 am – ബജറ്റ് അവതരണം തുടങ്ങി

08.45 am – ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ