തിരുവനന്തപുരം: നന്തന്‍കോട് കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ ഓരോ ദിവസവും മൊഴി മാറ്റി പോലീസിനെ കുഴയ്ക്കുന്നു. കൊലയ്ക്ക് പിന്നാലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കാതെ വലയുകയാണ് അന്വേഷണ സംഘം. ആദ്യം സാത്താന്‍ സേവയുടെ ഭാഗമായിരുന്നു എന്നായിരുന്നു കേഡലിന്റെ ആദ്യമൊഴി.

എന്നാല്‍ അച്ഛന്റെ അവഗണന കാരണമാണ് താന്‍ കൊലപാതകം നടത്തിയതെന്നും പ്രതി മൊഴിമാറ്റി. നേരത്തേയും താന്‍ കുടുംബാംഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് പ്രതി ഇപ്പോള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് കുടുംബാംഗങ്ങളെ കൊല്ലാന്‍ ശ്രമിച്ചത്.

കടയില്‍ നിന്നും വാങ്ങിയ കീടനാശിനിയും എലിവിഷവും ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊലപാതക ശ്രമം നടത്തിയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് ശര്‍ദ്ദിയും, ശാരീരികാസ്വസ്ഥവും മാത്രമാണുണ്ടായത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായും കേഡല്‍ മൊഴി നല്‍കി. ഭക്ഷ്യ വിഷബാധയാണ് സംഭവിച്ചത് എന്നാണ് എല്ലാവരും കരുതിയത്. കേഡലിനെ ആരും സംശയിച്ചതും ഇല്ല.

ഈ പദ്ധതി പൊളിഞ്ഞതോടെയാണ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പ്രതി കൊല നടത്തിയത്. മൃതദേഹങ്ങൾ കത്തിക്കാൻ കാഡൽ പെട്രോൾ വാങ്ങിയ പെട്രോള്‍ പമ്പില്‍ പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പെട്രോൾ വാങ്ങിയശേഷം കാഡൽ കയറിയ ഓട്ടോ ഡ്രൈവറും ഇയാളെ തിരിച്ചറിഞ്ഞു.

”ആറാം തീയതി വൈകിട്ട് അഞ്ചുമണിയോടെയാണ് കാഡൽ ഓട്ടോറിക്ഷയിൽ കയറിയത്. രണ്ടു കന്നാസുകളിലായി 20 ലിറ്റർ പെട്രോൾ കയ്യിലുണ്ടായിരുന്നു. എന്തിനെന്ന് ചോദിച്ചപ്പോൾ കാറിൽ ഊട്ടിയിൽ പോകാനാണെന്നു പറഞ്ഞുവെന്നും” ഓട്ടോ ഡ്രൈവർ തങ്കച്ചൻ മൊഴി നൽകി.

ഞായറാഴ്ച പുലർച്ചെയാണ് ജീൻസന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെ വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരാണ് മരിച്ചത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ