കത്തുവ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹർത്താലെന്നുളള പ്രചരണത്തെ വിശ്വസിച്ച് ജനങ്ങൾ.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഹര്‍ത്താല്‍ പ്രതീതിയാണ് . പലയിടത്തും ജനക്കൂട്ടങ്ങള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. മലബാർ മേഖലയിലാണ് വ്യാപകമായി വാഹനങ്ങൾ തടയുന്നത്.

കോഴിക്കോട് സ്വകാര്യ ബസുകള്‍ ഭാഗികമായേ സര്‍വീസ് നടത്തുന്നുള്ളൂ. മലപ്പുറത്ത് നാലിടത്ത് വാഹനം തടഞ്ഞവരെ പൊലീസ് വിരട്ടിയോടിച്ചു. പരപ്പനങ്ങാടിയിലും ഗതാഗതം തടസ്സപ്പെടുത്തിയവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കാസര്‍കോട് വിദ്യാനഗര്‍ അണങ്കൂറും മലപ്പുറം വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിയിലും ബസുകള്‍ തടഞ്ഞു. ചങ്കുവെട്ടിയില്‍ തൃശ്ശൂരില്‍ നിന്നെത്തിയ സ്വകാര്യ ബസുകള്‍ തടഞ്ഞിട്ടു. പല ബസ്സുകളും പാതിവഴിയില്‍ ട്രിപ്പ് മുടക്കി. കെ.എസ്.ആര്‍.ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. വണ്ടൂര്‍-കാളികാവ് റോഡില്‍ അഞ്ചത്തവിടി, കറുത്തേനി, വാണിയമ്പലം എന്നിവിടങ്ങളിലും റോഡ് തടസ്സപ്പെടുത്തി.

പൊന്നാനിയില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലും കാസര്‍കോടും ഒരു വിഭാഗം ആളുകള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയാണ്.

കത്‍വ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ആഹ്വാനപ്രകാരമാണ് ആളുകള്‍ വഴി തടയുന്നത്.സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചില പ്രാദേശിക സംഘടനളും സൗഹൃദകൂട്ടായ്മകളുമാണ് ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തിയത്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്ററുകളും പതിച്ചിരുന്നു.

 

ആര്യനാട് നെടുമങ്ങാട് ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികളെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം കെ എസ് ആർ.ടി.സി ബസുകൾ ഉൾപ്പടെ വാഹനങ്ങൾ വ്യാപകമായി തടഞ്ഞു. കടകൾ പൂർണ്ണമായും അടഞ്ഞു കിടക്കുന്നു.യാത്രക്കാർ പലയിടത്തും കുടുങ്ങി. പൊലീസ് ഇടപെടുന്നില്ലെന്ന് വ്യാപക പരാതി.

പനവൂർ, ചുള്ളിമാനൂർ, അഴിക്കോട്, നെടുമങ്ങാട് പ്രദേശത്ത് കടകൾ അടപ്പിച്ചു. രാവിലെ ഈ പ്രദേശങ്ങളിൽ കെഎസ് ആർ ടി സി ബസുകൾ തടഞ്ഞു.. എന്നാൽ പിന്നീട് ഗതാഗതം സുഗമമായി, കടകൾ, ബാങ്കുകൾ, സർക്കാർ ഓഫീസുകൾ എന്നിവ നിർബന്ധപൂർവം അടപ്പിക്കാൻ ശ്രമം നടത്തി.. തിരുവനന്തപുരം വഴയില പാലം മുതൽ തെങ്കാശി ഭാഗത്തേയ്ക്കുളള റോഡിലെ പെട്രോൾ പമ്പുകൾ അടപ്പിക്കാൻ ശ്രമം നടന്നു. നെടുമങ്ങാട് പഴകുറ്റി പമ്പ് യാത്രക്കാർ ബഹളം വയ്പ്പിച്ച് തുറന്നു. കിഴക്കേ കോട്ടയും കടകൾ അടപ്പിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ