കോഴിക്കോട് : അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാർഥികളെ വഞ്ചിച്ചു എന്ന പരാതിയിൽ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം പൊലീസാണ് കേസെടുത്തത്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് കേസ് എടുത്തിരിക്കുന്നത്.

അംഗീകാരമില്ലാത്ത ആര്‍കിടെക്ചര്‍ , സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്സുകള്‍ നടത്തി വിദ്യാര്‍ഥികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ഫീസ് വാങ്ങിയെന്നാണ് പരാതി. കാരന്തൂർ മർക്കസിന്റെ പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും വഞ്ചനാകുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്. കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജി, മര്‍ക്കസ് സഖാഫത്തി സുന്നയ്യ എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് കേസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ച കോഴ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രവേശനമെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.കോഴ്സു പഠിച്ചിറങ്ങിയ ശേഷമാണ് അംഗീകാരമില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസിലായത്.

മാനേജ്മെന്റിന്റെ ഈ നടപടിക്ക് എതിരെ മർക്കസിന് മുന്നിൽ വിദ്യാർഥികൾ സമരം നടത്തിവരികയാണ്. 450ഓളം വിദ്യാര്‍ഥികളാണ് മൂന്നുവര്‍ഷം സ്ഥാപനത്തില്‍ പഠിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ