കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി പി.പി.അബ്ദുള്‍ മനാഫ് (30) സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം. നവംബറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു.

മനാഫിന്റെ സുഹൃത്ത് കുറ്റിയാട്ടൂര്‍ ചെക്കിക്കുളത്തെ അലക്കാടന്‍കണ്ടിയിലെ അബ്ദുള്‍ ഖയൂമാണ് വിവരം സിറിയയില്‍നിന്ന് കൈമാറിയത്. ഭാര്യയും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് മനാഫ് സിറിയയിലേക്ക് പോയത്. മനാഫ് അടക്കം സിറിയയിലുള്ള അഞ്ചുപേരുടെ ചിത്രം നവംബറില്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് കടന്നത്. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസിന്റെ ചില വെബ്സൈറ്റുകളിലൂടെയും ഇവര്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് 15 പേരാണ് ഐഎസില്‍ ചേര്‍ന്നത്.

കേരളത്തില്‍ ഐസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ