കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ എറണാകുളം ജനറൽ ആശുപത്രിയുടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കുറേ കുട്ടികളുടെ ഭാവി വല്ലാതെ അനിശ്ചിതത്വത്തിലാകുമെന്ന സ്ഥിതി വന്നു. ആ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് പൊതുസമൂഹവും കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. ആ സമയത്താണ് ബില്ലിനെ കുറിച്ച് ആലോചിച്ചത്. ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്ന് വിമർശനം ഉണ്ടായേനെ,” മുഖ്യമന്ത്രി പറഞ്ഞു.

“സുപ്രീം കോടതി വിധി പ്രവേശനം റദ്ദാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. വിധിയെ വെല്ലുവിളിക്കാനൊന്നും സർക്കാർ ശ്രമിക്കില്ല. ഇനി സർക്കാർ എന്ത് ചെയ്യണമെന്ന് ആലോചിക്കും. കോടതിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന സമീപനമല്ല സർക്കാരിന്,” മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഒരു വലിയ ‘റിസ്‌ക്’ ആണ് സർക്കാർ ഏറ്റെടുത്തതെന്നും കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ