കൊല്ലം: സിപിഐക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കാനം രാജേന്ദ്രന്‍. തങ്ങൾ പറയുന്നത് മാത്രമാണ് ശരിയെന്ന ധാരണ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിക്കുന്നതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

“അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ശ്രമിക്കുന്നവരാണ് സിപിഐ. സിപിഐ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ല. ശരിയെന്ന് തോന്നുന്നത് തങ്ങള്‍ ചെയ്യുമെന്നും” കാനം പറഞ്ഞു.

“ആരുടേയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയാറുള്ളത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനാണ് പഠിക്കേണ്ടത്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ് തങ്ങളുടെ നിലപാടെന്നും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ ഇടത് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുപക്ഷത്തിന്റെ ശ്രമങ്ങൾക്ക് മുന്നണി നേതാക്കളുടെ വാക്കുകൾ ആയുധമാകരുതെന്ന് പറഞ്ഞാണ് കോടിയേരി കാനത്തെ ഇന്ന് വിമര്‍ശിച്ചത്.

ശത്രുപക്ഷത്തിന് മുതലെടുക്കാൻ സാധിക്കുന്ന യാതൊന്നും മുന്നണി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിക്കൂടെന്ന് അദ്ദേഹം പറഞ്ഞു. “കാനം രാജേന്ദ്രന്റെ പ്രസ്താവന തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാമോയെന്നാണ് രമേശ് ചെന്നിത്തല ശ്രമിച്ചതെന്ന് പ്രതികരണത്തിൽ നിന്ന് വ്യക്തം. ആ ഉദ്ദേശ്യം കേരളത്തിൽ സഫലമാകാൻ പോകുന്നില്ല.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഐക്യം ശക്തിപ്പെടുത്താൻ സിപിഎമ്മും സിപിഐയും യോജിച്ച് പ്രവർത്തിക്കണം. വിരുദ്ധ അഭിപ്രായങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണം” എന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ