തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ‘കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികൾ റവന്യൂ വകുപ്പ് മരവിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണ്. റവന്യു ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിച്ചു എന്ന തരത്തിലുള്ള വാർത്തകളും അടിസ്ഥാന രഹിതമാണ്. മൂന്നാറിൽ വേണ്ടത് ജെസിബിയല്ല, നിശ്ചയദാർഢ്യമാണെന്നും കാനം പറഞ്ഞു. മൂന്നാറിലെ കുരിശ് ത്യാഗത്തിന്റെ പ്രതീകമല്ലെന്നും കയ്യേറ്റത്തിന്റെ പ്രതീകമാണെന്നും കാനം അഭിപ്രായപ്പെട്ടു.

നേരത്തെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ വ്യക്തമാക്കിയിരുന്നു. ഇടത് സർക്കാരിന്റെ തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ കയ്യേറ്റം ഒഴിപ്പിക്കൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് നിർദ്ദേശം എന്നും റവന്യുമന്ത്രി പറഞ്ഞിരുന്നു. ഇനി കുരിശ് പൊളിക്കേണ്ടി വന്നാൽ അപ്പോൾ ആലോചിക്കുമെന്നും റവന്യു മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ