കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനുമായി കൂടിക്കാഴ്ച്ച നടത്തി. ചെന്നൈയിലെ ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്ന പിണറായിയെ കമല്‍ഹാസന്‍ കാണാനെത്തുകയായിരുന്നു. പിണറായി വിജയനും ഭാര്യ കമലയും ആയിരുന്നു ഗസ്റ്റ്ഹൗസില്‍ ഉണ്ടായിരുന്നത്. ‘മക്കള്‍ നീതി മയ്യം’ എന്ന പുതിയ പാര്‍ട്ടി അദ്ദേഹം പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തുന്നത്.

നേരത്തേ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ കമല്‍ഹാസന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വൈകുന്നേരത്തോടെയാണ് ആശുപത്രി വിട്ട് തമിഴ്നാട് ഗസ്റ്റ് ഹൗസിലെത്തിയത്. ഇവിടെ കമല്‍ഹാസനും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ​തി​വു പ​രി​ശോ​ധ​ന​യ്ക്കാ​യി​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്ന് ഓ​ഫി​സ് അ​റി​യി​ച്ചു.

മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. പുലർച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകർച്ചവ്യാധി വിദഗ്‌ധർ മുഖ്യമന്ത്രിയെ പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

അതേസമയം മുഖ്യമന്ത്രിക്ക് ഗുരുതരമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഓഫീസിൽ നിന്ന് വിവരം ലഭിച്ചു. സാധാരണ നടത്താറുളള വൈദ്യപരിശോധനയ്ക്കായി അദ്ദേഹത്തെ ഭാര്യ ആശുപത്രിയിൽ കൊണ്ടുപോയതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ