തിരുവനന്തപുരം: സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ക്ഷമ ചോദിച്ചു. ശ്രീജിത്തിനെ കാണാൻ പോകാത്തത് മനഃസാക്ഷിക്കുത്തുകൊണ്ടാണെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുച്ഛം തോന്നിയ സംഭവമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനഃസാക്ഷിയില്ലാത്ത പണിക്കു പോകാൻ പറ്റാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

കെ.സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഒരുപാടുപേർ നിർബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാൻ പോയില്ല. മനഃസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരൻ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോൾ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടൻമാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്നോടുതന്നെ ഏററവും പുച്ഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനഃസ്സാക്ഷിയില്ലാത്ത പണിക്കു പോകാൻ പറ്റാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരൻ കൊലചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ പൊലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തിൽ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകൾ പൊലീസ് കേരളത്തിൽ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സിബിഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒറ്റയാൾ സമരം കാണാതെ പോയതിൽ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തിൽതൊട്ട് ക്ഷമ ചോദിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ