കണ്ണൂർ: മട്ടന്നൂരിൽ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ഇതിനായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരൻ പറഞ്ഞു.

‘ജയിൽ ഡിജിപി ശ്രീലേഖയുടെ ഇടപെടൽ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോർട്ട് പൊലീസ് അവഗണിക്കുകയും ചെയ്തു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം ശ്രീലേഖയെ അറിയിച്ചിരുന്നു. ഉടൻ തന്നെ ജയിൽ ഡിജിപി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ഷുഹൈബിനെ സിപിഎമ്മുകാർ തീർക്കുമായിരുന്നു’, സുധാകരൻ പറഞ്ഞു.

ഇതിനിടെ ഗുരുതര ആരോപണവുമായി ഷുഹൈബിന്റെ സഹപ്രവര്‍ത്തകനും കെഎസ്‍യു നേതാവുമായ ഫര്‍സിന്‍ മജീദ് രംഗത്തെത്തി. ജയിലില്‍ വച്ച് സിപിഐം തടവുകാര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതായി ഫര്‍സിന്‍ പറഞ്ഞു. കാണിച്ച് തരാമെന്ന് തന്നോടും ഷുഹൈബിനോടും തടവുകാര്‍ പറഞ്ഞിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ