കൊച്ചി: ഹണി ബീ 2 സിനിമയിൽ അഭിനയിച്ച യുവനടിയെ അപമാനിച്ച കേസ് ഒത്തുതീർപ്പിലേക്ക്. സംവിധായകൻ ജീൻ പോൾ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയെ അറിയിച്ചു. കേസിലെ നാലുപേർക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും നടി അറിയിച്ചു.

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയിലാണ് ചലച്ചിത്രതാരം ലാലിന്റെ മകൻ ജീൻ പോൾ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേർക്കെതിരെ കേസെടുത്തത്. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് കേസ് എടുത്തത്.

2016 നവംബറിലാണ് സംഭവം. ഹണി ബീ 2 എന്ന ചിത്രത്തിൽ അഭിനയച്ചതിന്റെ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ ടെക്നീഷ്യൻമാരായ അനൂപ്, അനിരുദ്ധ് എന്നിവരും തന്നെ അപമാനിച്ചുവെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കാണ് യുവ നടി പരാതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ