തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം അതിരൂക്ഷമാകുമെന്ന് വീണ്ടും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലകൾ കൂടുതൽ ശക്തമായി ആഞ്ഞടിക്കുമെന്നും ഏഴ് മീറ്റർ വരെ ഉയരമുണ്ടാകുമെന്നുമാണ് ഒടുവിൽ ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രത നിർദേശം അവഗണിച്ചും തീരപ്രദേശങ്ങളിൽ ആളുകൾ എത്തുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇതേ തുടർന്ന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറം അടച്ചു.

ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്തേക്ക് ആളുകൾക്ക് പ്രവേശിക്കാനാവില്ല. തിരമാലകൾ തീരത്തോട് അടുത്താണ് ശക്തിയാർജ്ജിക്കുന്നത്. അതിനാൽ തന്നെ മത്സ്യത്തൊഴിലാളികളോട് ഒരു കാരണവശാലും കടലിലേക്ക് പോകരുതെന്ന് നിർദേശം ഉണ്ട്. ആഴക്കടലിൽ മത്സ്യബന്ധനത്തിന് തടസങ്ങളുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഇവർക്കും കടൽക്ഷോഭം തീരുന്നത് വരെ കരയിലേക്ക് വരാനാവില്ല.

പോർട്ടുകളിൽ മത്സ്യബന്ധന ബോട്ടുകൾ നങ്കൂരമിടുമ്പോൾ നിശ്ചിത അകലം പാലിക്കണമെന്ന നിർദേശവും നേരത്തേ നൽകിയതാണ്. ഇവ കൂട്ടിമുട്ടി അപകടങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ