തിരുവനന്തപുരം: ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ.ശൈലജയ്ക്ക് ആശ്വാസം. രൂക്ഷമായ ഭാഷയിൽ മന്ത്രിയെ വിമർശിച്ച കേരള ഹൈക്കോടതി പരാമർശം, ഹൈക്കോടതി തന്നെ നീക്കി. ഇന്ന് കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമർപ്പിച്ച ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇന്ന് മന്ത്രിക്ക് അനുകൂലമായി വിധി പറഞ്ഞത്. മന്ത്രിയെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സത്യസന്ധമായല്ല തീരുമാനം എടുത്തതെന്ന് അടക്കം മന്ത്രിക്കെതിരായ മുഴുവൻ പരാമർശവും നീക്കാനാണ് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചത്. മന്ത്രി കേസിൽ കക്ഷിയല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് പരാമർശം നീക്കി കിട്ടാൻ ഇന്നലെ മന്ത്രി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. എന്നാൽ മന്ത്രിക്കെതിരായ പരാമർശം നീക്കാൻ ഇന്നലെ കോടതി തയ്യാറായിരുന്നില്ല. പരാമർശം നീക്കിയില്ലെങ്കിൽ മന്ത്രി രാജിവയ്‌ക്കേണ്ടി വരുമെന്ന് ഇന്നലെ കോടതിയിൽ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കിയിരുന്നു. 12 കേസിൽ പ്രതിയായ ഒരാൾ എങ്ങിനെ നിയമനം നേടിയെന്ന് വിശദീകരിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ