കൊച്ചി: ആഡംബര കാർ വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ റജിസ്ട്രേഷൻ ചെയ്ത് നികുതി വെട്ടിച്ച കേസിൽ അമലപോളിന് മുൻകൂർ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോൾ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അമല പോളിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് അമല ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. 2013 മുതൽ താൻ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം റജിസ്റ്റർ ചെയ്തത്. ഇതിന്‍റെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയത് തന്‍റെ പേഴ്സണൽ സ്റ്റാഫാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിവുള്ളതല്ലെന്നും അമല ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചു.

ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, നടിക്ക് നേരിട്ട് അറിയാത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ തിലാസപ്പെട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് പോണ്ടിച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ റജിസ്ട്രേഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ