കൊച്ചി: സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാകാനായി ഹാദിയ ഡല്‍ഹിയിലെത്തി. രാത്രി 10 മണിയോടെയാണ് ഹാദിയ വിമാനമാര്‍ഗം രാജ്യതലസ്ഥാനത്ത് എത്തിയത്. തന്നെയാരും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതല്ലെന്ന് ഹാദിയ പറഞ്ഞു. ഭർത്താവ് ഷെഫിൻ ജഹാനൊപ്പം പോകാനാണ് ഇഷ്ടം. തനിക്ക് നീതി കിട്ടണമെന്നും വിവാദ മതംമാറ്റ കേസിൽ സുപ്രീം കോടതിയിൽ ഹാജരാകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

കനത്ത പൊലീസ് സുരക്ഷയിലാണ് ഹാദിയയെ വൈക്കത്തെ വീട്ടിൽനിന്ന് നെടുമ്പാശേരിയിലെത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാന മാർഗ്ഗം വൈകിട്ടാണ് ഹാദിയ ഡൽഹിയിലേക്ക് പുറപ്പെട്ടത്. മാതാപിതാക്കളും 5 പൊലീസുകാരും ഹാദിയക്ക് ഒപ്പമുണ്ട്.

Read More: ഹാദിയ; മതംമാറ്റവും വിവാഹവും സ്വന്തം തീരുമാനം; പാരിതോഷികം കൈപ്പറ്റിയില്ലെന്ന് എൻഐഎ

ഡൽഹിയിൽ എത്തുന്ന ഹാദിയയ്ക്ക് കേരള ഹൗസിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുളളത്. കനത്ത സുരക്ഷയാണ് ഹാദിയയ്ക്ക് ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്. കേരളഹൗസില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച (നവംബർ 27) ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛൻ അശോകനോട് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. കോടതിയിൽ ഹാജരാകുന്നതിന് മുൻപ് ഹാദിയയുടെ മാതാപിതാക്കൾ ഡൽഹിയിൽ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഹൈക്കോടതിയാണ് നേരത്തേ ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് ഇവരെ മാതാപിതാക്കൾക്ക് ഒപ്പം വിട്ടത്.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി തങ്ങളുടെ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് എൻഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയെ വിവാഹം ചെയ്ത എസ്‌ഡിപിഐ നേതാവ് ഷെഫിൻ ജഹാനെതിരായാണ് കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ