മൂന്നാര്‍: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന് പിന്നാലെ ഉദ്യോഗസ്ഥർക്കും കൂട്ട സ്ഥലം മാറ്റം. സബ് കളക്ടർക്ക് ശക്തമായ പിന്തുണ നൽകിയ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയത്.

ഹെഡ് ക്ലര്‍ക്ക് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ഇവരെല്ലാം നേരത്തേ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനായി സബ് കളക്ടർക്ക് ശക്തമായ പിന്തുണ നൽകിയിരുന്നു. മൂന്നാറിൽ റവന്യു വകുപ്പിന്റെ ഈ ശക്തമായ നിരയെയാണ് സർക്കാർ ഇപ്പോൾ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

പ്രാദേശിക രാഷ്ട്രീയ കക്ഷികൾ നടത്തിയ നീക്കങ്ങളാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ മാറ്റത്തിന് വഴിയൊരുക്കിയത്. ഹെഡ് ക്ലര്‍ക്ക് പി. ബാലചന്ദ്രന്‍ പിള്ള, ക്ലര്‍ക്കുമാരായ പി.കെ ഷിജു, സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്.

ബാലചന്ദ്രന്‍ പിള്ളയ്ക്ക് കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായിട്ടാണ് മാറ്റം. ശേഷിച്ചവരിൽ പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്ക് മാറ്റിയപ്പോൾ പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്ക് മാറ്റി. അര്‍.കെ. സിജുവിനെ നെടുങ്കണ്ടം സര്‍വ്വേ സൂപ്രണ്ട് ഓഫിസിലേക്കാണ് മാറ്റിയിരിക്കുന്നത്.

കെയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന അഡീഷണല്‍ തഹസില്‍ദാരെ തൊടുപുഴയിലേക്ക് സ്ഥലം മാറ്റി നേരത്തേ തന്നെ സർക്കാർ ഉത്തരവ് പുറത്തുവന്നിരുന്നു. 12 പേരായിരുന്നു ദേവികുളം ആർഡിഒ ഓഫീസിൽ ഉണ്ടായിരുന്നത്. ഇവിടെ ശേഷിക്കുന്നവരെയും വേഗത്തിൽ മറ്റിടങ്ങളിലേക്ക് സ്ഥലം മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.

പുതിയ സംഘത്തിന് റവന്യു ഡിവിഷണൽ ഓഫീസിന്റെ നിയന്ത്രണം കൈമാറാനാണ് ആലോചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ