തൊടുപുഴ: കാട്ടാന ശല്യം ജനങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെ അത് പരിഹരിക്കാൻ വനം വകുപ്പ് നടപടികളാരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാന ശല്യം വർധിച്ചതോടെ ഇടുക്കിയിലെ നാട്ടുകാര്‍ ഒടുവില്‍ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവയ്ക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങളിലേയ്ക്ക് തിരിഞ്ഞു . തുടർന്നാണ് ശല്യക്കാരായ ആനകളെ പിടികൂടി കോടനാട്ടേക്കു മാറ്റാനുള്ള പദ്ധതിയുമായി വനംവകുപ്പ് രംഗത്തെത്തിയത്.
ഏതാനും മാസങ്ങളായി മൂന്നാറിലും സമീപ പ്രദേശങ്ങളായ അരുവിക്കാട്,. കുണ്ടള സാന്‍ഡോസ്, മറയൂര്‍, ചിന്നക്കനാല്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, രാജകുമാരി, സിങ്കുകണ്ടം പൂപ്പാറ എന്നിവിടങ്ങളിലാണ് കാട്ടാന ആക്രമണം രൂക്ഷമായത്.
ആനയുടെ ആക്രമണത്തില്‍ കഴിഞ്ഞമാസം ദേവികുളത്ത് കുരിശടിയിൽ തിരികത്തിക്കാന്‍ എത്തിയ ജോര്‍ജ് എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാറില്‍ തൊഴിലാളി സ്ത്രീയെ കാട്ടാന ആക്രമിച്ചിരുന്നു. പരിക്കേറ്റ ഇവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ മറ്റൊരു കൊമ്പന് നിലയുറപ്പിച്ചതിനാല്‍ രോഗിയെ പുറത്തേയ്ക്കു കൊണ്ടുപോകാന്‍ മണിക്കൂറുകളോളം താമസിച്ചിരുന്നു.
ആന ആക്രമണ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് സിങ്കുകണ്ടത്തുണ്ടായ സംഭവം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ സിങ്കുകണ്ടം നടക്കല്‍ സുനില്‍ ജോര്‍ജിന് (28) ഗുരുതരമായി പരിക്കേറ്റിരുന്നു. വീടിനു മുന്നില്‍ ഭാര്യയോടും കുഞ്ഞിനോടുമൊപ്പം നിന്ന ജോര്‍ജിനെ വീടിനു മുന്നില്‍ വച്ച് കാട്ടാന എടുത്തെറിയുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സിങ്കുകണ്ടത്ത് ദേവികുളം റേഞ്ച് ഓഫിസര്‍ സുരേഷ്കുമാറിനെയും ഏഴംഗ വനപാലക സംഘത്തെയും നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. കാട്ടാന ശല്യത്തില്‍ പ്രതിഷേധിച്ച് ശാന്തമ്പാറ,ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ ചൊവ്വാഴ്ച സംയുക്തസമരസമിതി ഹര്‍ത്താലും വെള്ളിയാഴ്ച രാജകുമാരിയില്‍ റോഡ് ഉപരോധവും നടത്തിയിരുന്നു.
ദിവസം തോറും ഒന്നും രണ്ടും കാട്ടാന ആക്രമണമാണ് ഈ മേഖലകളില്‍ മാത്രം റിപ്പോര്‍ട്ടു ചെയ്തത്. കാട്ടാന കൃഷി നശിപ്പിക്കുന്നതു മൂലം മിക്ക സ്ഥലങ്ങളിലും കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയിലാണ്.
മൂന്നാറിൽ അക്രമകാരികളായ കാട്ടാനകളെ പിടികൂടാനുള്ള തീരുമാനത്തിലാണിപ്പോള്‍ വനംവകുപ്പ്. ചിന്നക്കനാല്‍, ശാന്തമ്പാറ പഞ്ചായത്തുകളില്‍ നാശം വിതക്കുന്ന ചില്ലിക്കൊമ്പനെ പിടികൂടാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആനയെ ഒരാഴ്ച്ച നിരീക്ഷിച്ചു റിപ്പോര്‍ട്ട് നല്കാന് ദേവികുളം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക ആറംഗ സംഘത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കെ ജെ വര്‍ഗീസ് ചുമതലപ്പെടുത്തി. മയക്കുവെടിവച്ചു പിടികൂടിയാല്‍ ചില്ലിക്കൊമ്പനെ കോടനാട് ആനപരിപാലന കേന്ദ്രത്തിലേക്കു മാറ്റും.
ആനശല്യം രൂക്ഷമായ സിങ്കുകണ്ടം, ബോഡിമെട്ട്, ചിന്നക്കനാല്‍, ശാന്തമ്പാറ എന്നിവിടങ്ങളില്‍ ശനിയാഴ്ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് കെ ജെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചിരുന്നു. കാട്ടാനശല്യമുള്ള സ്ഥലങ്ങളില്‍ വിവരം എളുപ്പത്തില്‍ നാട്ടുകാരെ അറിയിക്കുന്ന മെസേജ് അലര്‍ട്ട് സിസ്റ്റം നടപ്പിലാക്കുമെന്നും കൂടുതല്‍ വനപാലകരെ ആനശല്യം നിയന്ത്രിക്കാന്‍ ലഭ്യമാക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
അതേസമയം മൂന്നാറില്‍ ശല്യക്കാരായ 24 ആനകളുണ്ടെന്നും ഇവയെ എല്ലാം പിടികൂടിയാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവുകയുള്ളുവെന്നുമാണ് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് ഉള്‍പ്പടെയുള്ളവരുടെ നിലപാട്. എന്നാല്‍ ഇത്രയധികം ആനകളെ പിടികൂടി മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റുകയെന്നതു പ്രായോഗികമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വന നശീകരണവും പരിസ്ഥിതിനാശവും ആനത്താരകളില്ലാതാക്കയിതുമായ നടപടികളാണ് കാട്ടാനകളുടെ ആക്രമണം വർധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വനം കൈയേറ്റത്തോടെ ആനകൾക്ക് അവരുടെ ജൈവ ആവാസവ്യവസ്ഥ നഷ്ടമായതാണ് പ്രശ്നം ഇത്രയധികം രൂക്ഷമാകാൻ ഇടയാക്കുന്നതെന്ന് വനം പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ