തിരുവനന്തപുരം: പ്രഥമ ലോക കേരളസഭ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിന് പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു നിയമസഭ മന്ദിരത്തിൽ തുടക്കം കുറിച്ചത്.

സാമ്പത്തികശേഷിയുള്ള പ്രവാസികളില്‍നിന്ന് ഉദാരമായ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടു പ്രവാസികള്‍ക്കായി ക്ഷേമനിധി രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ഏതു ഭാഗത്തുള്ള മലയാളിയുടെയും നൈപുണ്യവും വൈദഗ്ധ്യവും കേരളത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാംഗങ്ങളും കേരളത്തിൽനിന്നുള്ള പാർലമെന്‍റ് അംഗങ്ങളും പ്രവാസി പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങളാണ് സഭയിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേരളം ലോകത്തിന് നല്‍കിയ പല മാതൃകകളിൽ ഏറെ സവിശേഷമാണ് ലോക കേരള സഭാ രൂപീകരണം എന്ന് സ്പീക്കര്‍ പറഞ്ഞു. ഇത്തരമൊരു നൂതനമായ പരിശ്രമത്തിന് സര്‍ക്കാരിനെയും അതിനോട് സഹകരിച്ച പ്രതിപക്ഷത്തെയും സ്പീക്കര്‍ അഭിനന്ദിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സഭയിൽ സംസാരിച്ചു. തുടര്‍ന്ന് ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, എം.എ യൂസഫലി, രവി പിള്ള, സി.കെ മേനോന്‍, ആസാദ് മൂപ്പന്‍, കെ.പി മുഹമ്മദ്, ജോസ് കാനാട്ട്, ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

ലോകമെങ്ങുമുള്ള മലയാളികൾക്ക് കേരളത്തിന്‍റെ വികസനത്തിൽ അർത്ഥപൂർണമായ പങ്കാളിത്തത്തിന് പൊതുവേദി ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോക കേരളസഭയ്ക്കു തുടക്കം കുറിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ