തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്റെ ശമ്പളം തീരുമാനിച്ചു. കാബിനറ്റ് പദവിയുളള വിഎസിന് മന്ത്രിമാർക്ക് തുല്യമായ ശമ്പളം ലഭിക്കും. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.

ചുമതലയേറ്റ് 10 മാസം കഴിഞ്ഞിട്ടും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും മറ്റ് അംഗങ്ങൾക്കും ശമ്പളം ലഭിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് പ്രതിപക്ഷ അംഗം റോജി എം.ജോൺ നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ ചെയർമാന്റെ ആനുകൂല്യങ്ങൾ എത്രയെന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്നാണ് ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. കാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചതോടെ അദ്ദേഹത്തിന് എംഎൽഎ എന്ന നിലയിൽ ലഭിച്ചുവന്നിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നിർത്തലാക്കിയിരുന്നു. ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും അംഗങ്ങളായി മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായരും നീല ഗംഗാധരനുമാണ് കമ്മിഷനില്‍ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ