കൊച്ചി: പ്രമുഖ നടിക്കു നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ കൊച്ചിയിൽ ഒത്തുചേർന്നു. എറണാകുളം ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ ചലച്ചിത്രരംഗത്തെ നിരവധി പേർ പങ്കെടുത്തു. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, സംവിധായകൻ കമൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ, ലാൽ, മനോജ് കെ.ജയൻ, സരയു തുടങ്ങിയവരെല്ലാം പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുക്കാനെത്തി. ‘അഭിമാനമാണ് നീ’ എന്ന മുദ്രാവാക്യമാണ് ചലച്ചിത്ര താരങ്ങളുടെ ഓരോ വാക്കുകളിലും നടിയെ കുറിച്ച് കേള്‍ക്കാനായത്.

ഓൺലൈനിൽ പണിയില്ലാതെയിരിക്കുന്ന കുറേ പേരുണ്ട്. അവർ അവർക്ക് തോന്നിയ രീതിയിൽ കാര്യങ്ങൾ എഴുതി വിടുകയാണ്. നമ്മുടെ സഹോദരിക്കോ മറ്റു ബന്ധുക്കൾക്കോ ആണ് ഇത്തരത്തിലുള്ള അപകടം സംഭവിച്ചതെങ്കിൽ ഇത്തരത്തിലുള്ള കഥകൾ പ്രചരിപ്പിക്കാൻ ഇവർ തയാറാകുമോയെന്ന് ഇന്നസെന്റ് ചോദിച്ചു.

മലയാള സിനിമാ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ്. മറ്റു സംസ്ഥാനങ്ങളിലൊക്കെ നടക്കാറുള്ള ഇത്തരം സംഭവങ്ങൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിക്കും സംഭവച്ചിരിക്കുകയാണ്. ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് മമ്മൂട്ടിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയെ കീഴ്പ്പെടുത്താനുള്ളതല്ല പൗരുഷമെന്നും സ്ത്രീയെ സംരക്ഷിക്കുന്നവനാണ് പുരുഷനെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു.

മലയാളികളുടെ മുഴുവന്‍ അഭിമാനമായ സഹോദരി ഇന്ന് ഒരു പ്രതിരോധത്തിലാണ്. അവര്‍ തീര്‍ക്കുന്ന ആ പ്രതിരോധത്തിന്റെ പ്രതീകങ്ങളാണ് നമ്മള്‍. ആ പ്രതിരോധത്തില്‍ നിന്ന് നമ്മള്‍ ഏറ്റുവാങ്ങുന്ന നാളം അഗ്നിയായി, അന്ഗിഗോളമായി മനുഷ്യമനസാക്ഷി മരവിച്ചവരുടെ മുകളില്‍ ആഞ്ഞ് പതിക്കുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നു പറയുന്ന മലയാളിയുടെ ധാർഷ്‌ട്യത്തിന് കിട്ടിയ അടിയാണ് ഈ സംഭവമെന്ന് സംവിധായകൻ കമൽ അഭിപ്രായപ്പെട്ടു. രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ സ്ത്രീകൾ ധൈര്യം കാണിക്കുന്ന കാലത്താണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. സൗമ്യയ്ക്കുണ്ടായ ദുരന്തം നമ്മൾ കണ്ടതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതിൽ കേരളം ലജ്ജിക്കണം. ഈ​ കേസിൽ ഉൾപ്പെട്ട് ക്രിമിനലുകൾ മാത്രമല്ല, കുറ്റക്കാർ എല്ലാ മലയാളികളും കുറ്റക്കാരാണ്.

നമ്മൾ ചലച്ചിത്ര പ്രവർത്തകർക്കിടിയിലും ക്രിമിനൽവത്ക്കരണം നടക്കുന്നുവെന്നതിന്റെ അപായ സൂചനയാണിത്. നമ്മൾ സ്നേഹത്തോടെയും സൗഹൃദത്തോടെയൂം കഴിയുന്നവരാണെന്ന വിശ്വാസത്തിലായിരുന്നു.​എന്നാൽ ഇപ്പോഴത്തെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് നമ്മുടെയിടയിൽ ക്രിമിനൽവത്ക്കരണം നുഴഞ്ഞുകയറുന്നുവെന്നതാണ്.

ചലച്ചിത്രരംഗത്തോ കലാരംഗത്തോ മാത്രമല്ല, എല്ലാ രംഗത്തുമുള്ള സ്ത്രീകളുടെ പ്രതീകമാണ് അവര്‍. ഇത്തരമൊരു സംഭവത്തിനിരയായാൽ വല്ലാതെ തകർന്നുപോകുന്ന ഒരുപാട് സഹോദരിമാരെ കണ്ടിട്ടുണ്ട്. എന്നാൽ സംഭവിച്ചത് പറയാൻ ധൈര്യം കാണിച്ചതുകൊണ്ടാണ് പ്രതിരോധം തീർക്കാൻ പറ്റിയതെന്നും കമൽ പറഞ്ഞു.

ഇതിന് പിന്നിൽ നടന്നിരിക്കന്നത് ക്രിമിനൽ ഗൂഢാലോചനയാണ്. അതിനെ നിയമത്തിന് മുന്നിൽ​കൊണ്ടുവരാൻ ഉളള പ്രവർത്തനത്തിന് അങ്ങേയറ്റം പൂർണമായ പിന്തുണ നൽകണമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഒരു സ്ത്രീ വീടിനകത്തും പുറത്തും ​പുരുഷന് നൽകുന്ന ബഹുമാനം അതേ അളവിൽ തിരിച്ചു കിട്ടാൻ ഉളള അർഹത സ്ത്രീക്ക് ഉണ്ടെന്നും മഞ്ജു പറഞ്ഞു.

നടിക്കു പിന്തുണയേകി ചലച്ചിത്ര രംഗത്തെ പലരും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. മോഹൻലാൽ, സുരേഷ് ഗോപി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ആഷിക് അബു, മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങി നിരവധി പേർ നടിക്ക് പിന്തുണയേകി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് നടിക്കുനേരെ ആക്രമണമുണ്ടായത്.

Read More: നമ്മുടെ അമ്മമാര്‍ മനുഷ്യരൂപം പൂണ്ട പിശാചുക്കളെ പ്രസവിക്കാതിരിക്കട്ടെ: മമ്മൂട്ടി

Read More: മലയാളിയുടെ ധാര്‍ഷട്യത്തിനേറ്റ അടിയാണ് നടിക്കെതിരെ നടന്ന ആക്രമണമെന്ന് കമല്‍

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ