തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന ഉന്നതലയോഗമാണ് തീരുമാനമെടുത്തത്.

പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്.

പൂർണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 5 ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് 3 ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ കാന്‍സര്‍ രോഗികള്‍ക്ക് 3 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അഞ്ചുഘട്ടങ്ങളായുളള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അര്‍ഹരായ ദുരിതബാധിതരെ നിര്‍ണയിക്കുന്നത്.

മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്‍റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയപ്പോള്‍ പല കുടുംബങ്ങളും ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്തുപോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണനയില്ല. ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ