കേരളത്തിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് അല്പം മാറിനിന്ന്, കുട്ടിക്കാലത്ത് അനുഭവിച്ച അനാഥത്വവും ദാരിദ്ര്യവും വേദനയുമൊക്കെ ഒരു ആത്മകഥയായി എഴുതിയപ്പോൾ എന്തോ ഒരു സ്നേഹത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ പല പല സങ്കടങ്ങളുമായി എന്റെയരികിലേക്ക് വരുന്നവർക്ക് വേണ്ടിയാണ് സമൂഹത്തിലിറങ്ങി പ്രതികരിക്കാൻ തുടങ്ങിയത്. അതിന് കേൾക്കേണ്ടി വരുന്ന വിമർശനം കുറച്ചൊന്നുമല്ലെന്ന് ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഒരു കേസിലിടപെട്ടാൽ എല്ലാ കേസിലും ഇടപെടണോ? എന്നിട്ട് കോടതിയിൽ തന്നെ താമസിച്ച് കേസിന്റ വിവരമിങ്ങനെ ചോദിക്കുന്നവരെ അറിയിച്ചു കൊണ്ടിരിക്കണോ? സിനിമാക്കാർ പൊതു പ്രശ്നത്തിൽ ഇടപെടരുതെന്ന് വല്ല നിയമവുമുണ്ടോയെന്നും രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നു..ആർക്കൊക്കെയോ വേണ്ടി സംസാരിക്കണം ജീവിക്കണം,എഴുതണം…ഒരു പാർട്ടിയല്ലെങ്കിൽ മറ്റൊരു പാർട്ടി..എല്ലാവരും ഏക പക്ഷീയമാണ്..ഒരാൾ വിശ്വസിക്കുന്ന പാർട്ടി തെറ്റ് ചെയ്താൽ അത് പറയരുത്..എല്ലാ രാഷ്ട്രീയ പാർട്ടിയുടേയും അവസ്ഥ ഇതാണ്.
ഏതെങ്കിലുമൊരു പാർട്ടിയുടെ ആളല്ലെങ്കിൽ മിണ്ടാതിരുന്നോണം..എന്തൊരു കഷ്ടമാണിത്.
നാല്പത് വർഷത്തെ സിനിമാ ജീവിതത്തിൽ നിന്ന് അല്പം മാറിനിന്ന്, കുട്ടിക്കാലത്ത് അനുഭവിച്ച അനാഥത്വവും ദാരിദ്ര്യവും വേദനയുമൊക്കെ
ഒരു ആത്മകഥയായി എഴുതിയപ്പോൾ എന്തോ ഒരു സ്നേഹത്തിന്റേയോ വിശ്വാസത്തിന്റേയോ പേരിൽ പല പല സങ്കടങ്ങളുമായി എന്റെയരികിലേക്ക് വരുന്നവർക്ക് വേണ്ടിയാണ്
സമൂഹത്തിലിറങ്ങി പ്രതികരിക്കാൻ തുടങ്ങിയത്.
അതിന് കേൾക്കേണ്ടി വരുന്ന വിമർശനം കുറച്ചൊന്നുമല്ല..നിങ്ങളാരാ?.ഈ നാട്ടിലെ സ്ത്രീ സുരക്ഷിതത്വം മുഴുവൻ നിങ്ങൾ ഏറ്റെടുത്തിരിക്യാണോ?
ഇത്രയും കാലം എവിടെയായിരുന്നു?,
മറ്റേ കേസിൽ ഒന്നും മിണ്ടാത്തതെന്താ?,
സിനിമയിലെ കാര്യം നോക്കിയാൽ പോരേ?
ടിവി യിൽ സംസാരിച്ചാലും എഫ് ബി പോസ്റ്റിട്ടാലും പബ്ളിസിറ്റിക്ക് വേണ്ടിയല്ലേ?
പുരുഷ വിദ്വേഷി,ഫെമിനിസ്റ്റ്,അഹങ്കാരം,ജാട…
ഹോ എന്തൊക്കെയാണ്..അല്ലാ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്യാ ഇതെങ്ങനെയാ? എത്ര കൊല്ലം മുമ്പ് മുതലാണ് പ്രതികരിച്ച് തുടങ്ങേണ്ടത്?,ഒരു കേസിലിടപെട്ടാൽ
എല്ലാ കേസിലും ഇടപെടണോ? എന്നിട്ട് കോടതിയിൽ തന്നെ താമസിച്ച് കേസിന്റ വിവരമിങ്ങനെ ചോദിക്കുന്നവരെ അറിയിച്ചു കൊണ്ടിരിക്കണോ?സിനിമാക്കാര് പൊതു പ്രശ്നത്തിൽ ഇടപെടരുതെന്ന് വല്ല നിയമവുമുണ്ടോ?.പീഡന വിഷയം പറയുമ്പോ ഈ പാർട്ടിക്കാർ തെറി വിളിക്കുന്നു ആയിരം രൂപ നോട്ടിന്റെ ബുദ്ധിമുട്ട് പറഞ്ഞപ്പൊ അവര് തെറി വിളിക്കുന്നു..
ഇനി സങ്കടം പറഞ്ഞ് വരുന്നവരോട് ഫേസ് ബുക്കിലുളളവരോട് ചോദിച്ചിട്ട് സഹായിക്കാമെന്ന് പറയണോ?
ആരെയാ സന്തോഷിപ്പിക്കേണ്ടത്? ആരെയാ സഹായിക്കേണ്ടത്?അതോ ആര് കരഞ്ഞാലും പീഡിപ്പിക്കപ്പെട്ടാലും എനിക്കെന്താണ് എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരേന്നാണോ?.രാഷ്ട്രീയമില്ലാത്തവർ സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാൻ പാടില്ലേ?ഒന്നും മനസ്സിലാവുന്നില്ല..ഓരോ ചോദ്യത്തിനും മറുപടി പറയാൻ വയ്യ.പറഞ്ഞില്ലെങ്കിൽ എനിക്കുത്തരം മുട്ടി എന്ന് കരുതും.
ഒന്നും ചെയ്യാതെ ഒരു വിഷയത്തിലും പ്രതികരിക്കാതിരിക്കാൻ ആവത് ശ്രമിച്ചു.
പറ്റുന്നില്ല. മടുത്തു…അറിയാവുന്നവർ ഒന്നു പറഞ്ഞു തരൂ.
അതുപോലെ ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ