ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന് തുടങ്ങുന്ന പാട്ട് പിൻവലിക്കില്ലെന്ന് സംവിധായകന്‍‍ ഒമര്‍ ലുലു. ജനങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് ഗാനം പിന്‍വലിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദില്‍ ഗാനത്തിനെതിരെ ഉളള കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലവിനെതിരെ ഹൈദരാബാദില്‍ പൊലീസ് കേസെടുത്തിരുന്നു. ചിത്രത്തില്‍ ഗാനം ഉള്‍പ്പെടുത്തിയ സന്ദര്‍ഭവും രീതിയുമാണ് പരാതികള്‍ക്ക് അടിസ്ഥാനം. ഹൈദരാബാദിലെ ഒരു കൂട്ടം യുവാക്കളാണ് ഈ ഗാനത്തിനെതിരെ ഫലക്നുമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നാലെയാണ് അണിയറ പ്രവര്‍ത്തകര്‍ പാട്ട് പിന്‍വലിക്കാന്‍ ആലോചിച്ചത്. എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റി.

എന്നാല്‍ ഗാനം പരിഭാഷപ്പെടുത്തി മുസ്‌ലിം മതപണ്ഡിതന്മാരുടെ സഹായത്തോടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് നീങ്ങുക. കഴിഞ്ഞ ദിവസം പരാതിക്കാരോട് ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

യു ട്യൂബില്‍ അഞ്ച് ദിവസം കൊണ്ട് ഒന്നരകോടിയോളം പേരാണ് ഗാനം കണ്ടത്. ഗാനത്തില്‍ അഭിനയിച്ചവരില്‍ ഒരാളായ പ്രിയ പ്രകാശ് വാര്യരെ ആഗോളതലത്തില്‍ തന്നെ ഈ ഗാനം പ്രശസ്തയാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ