കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കും. കൊച്ചിയില്‍ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ താരസംഘടനയുടെ അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി. ദിലീപിന്റെ ട്രഷറര്‍ സ്ഥാനവും പ്രാഥമികാഗത്വവും അടിയന്തരമായി റദ്ദ് ചെയ്യാന്‍ ധരണയായി. സംഘടന നടിക്കൊപ്പമാണെന്നും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ നടന്മാരേയും അമ്മ വാര്‍ത്താകുറിപ്പില്‍ തളളിക്കളഞ്ഞു.

യുവതാരങ്ങളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിലീപിനെതിരെ നടപടി എടുത്തത്.. പൃഥ്വിരാജും ആസിഫ് അലിയും അടക്കമുളളവര്‍ ദിലീപിനെ പുറത്താക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. നടപടി കൈക്കൊണ്ടില്ലെങ്കില്‍ സംഘടന പിളരുമെന്ന വ്യക്തമായ സൂചനയും പുറത്തുവന്നിരുന്നു.

കേസില്‍ ദിലീപും പള്‍സര്‍ സുനിയുമാണ് മുഖ്യ സൂത്രധാരകരെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ഇപ്പോള്‍ 12ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയാകും. കൂട്ടബലാത്സംഗം അടക്കമുളള കുറ്റങ്ങളാണ് ചുമത്തുക.

ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തതിരിക്കുന്നത്. രാവിലെയോടെ മജിസ്ട്രേറ്റിന്റെ മുമ്പിലെത്തിച്ച ദിലീപിനെ ആലുവ സബ് ജയിലില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് തടവുകാരാണ് ദിലീപിനൊപ്പം ജയിലിലുളളത്. പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് നടനൊപ്പം ഉളളത്. പ്രത്യേക ഭക്ഷണണോ മറ്റ് സൗകര്യമോ ദിലീപിന് നല്‍കില്ല.

നേരത്തേ മജിസ്ട്രേറ്റിന്റെ വസതിയിലേക്ക് കയറുമ്പോള്‍ എല്ലാം കഴിഞ്ഞിട്ട് പ്രതികരിക്കാമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജാമ്യാപേക്ഷ നല്‍കി പുറത്തിറങ്ങുമ്പോള്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് പ്രതികരിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കി ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യും. 120 ബി അനുസരിച്ചുളള ഗൂഢാലോചനാ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.

(വിഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

മജിസ്ട്രേറ്റിന് മുമ്പിലെത്തിയ ജനക്കൂട്ടം ആര്‍ത്തുവിളിച്ച് ദിലീപിനെതിരെ പ്രതിഷേധിച്ചു. രാവിലെയോടെ തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ജനങ്ങള്‍ ദിലീപിനെ കൊണ്ടുവന്ന പൊലീസ് വാഹനവും പിന്തുടര്‍ന്നു കൂക്കിവിളിച്ചു.

സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതല്‍ ദിലീപിനെ അതീവ രഹസ്യമായി ചോദ്യം ചെയ്ത് വരികയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. 19 തെളിവുകളാണ് ദിലീപിനെതിരെ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. ആലുവ സബ് ജയിലിന് മുമ്പിലും ജനങ്ങള്‍ ദിലീപിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ‘വെല്‍ക്കം ടു സെന്‍ട്രല്‍​ ജയില്‍’ എന്ന് മുദ്രാവാക്യം മുഴക്കിയ ജനങ്ങള്‍ ആലുവക്കാര്‍ക്ക് നാണക്കേടാണ് ദിലീപ് ഉണ്ടാക്കിയതെന്നും മുദ്രാവാക്യം മുഴക്കി.

2013ലാണ് ആദ്യമായി നടിക്കെതിരെ ഇവര്‍ ഘൂഢാലോചന നടത്തിയത്. നടിയെ ആക്രമിക്കാന്‍ രണ്ട് തവണ പദ്ധതിയിട്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ എംജി റോഡിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിക്കാന്‍ ആദ്യമായി പദ്ധതിയിട്ടത്. തുടര്‍ന്ന് പൊലീസ് ഫോണ്‍ ലൊക്കേഷന്‍ അടക്കമുളള വിവരങ്ങള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു.

നടിയോടുളള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് നടന്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 28ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബില്‍വെച്ച് പൊലീസ് 13 മണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്യാതിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ