തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തന്റെ മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ മനഃപൂർവം ശ്രമം നടന്നതായും കത്തിൽ എഴുതിയിട്ടുണ്ട്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തണം മുഖ്യമന്ത്രിയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം മുൻപാണ് കത്തയച്ചത്. മുഖ്യമന്ത്രി കത്ത് ഡിജിപിക്ക് കൈമാറി.

കഴിഞ്ഞ ആഴ്ച ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ അമ്മ സരോജം എത്തിയിരുന്നു. സഹോദരൻ അനൂപിനൊപ്പമാണ് ജയിലെത്തിയത്. അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ദിലീപിന് ജാമ്യം ലഭിക്കാതെ ജയിൽവാസം നീളുന്ന സാഹചര്യത്തെത്തുടർന്നാണ് അമ്മ സരോജം കാണാനെത്തിയത്.

ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ഇതിനു ശേഷം ദിലീപിനെ മൂന്നു തവണ കോടതി റിമാന്‍ഡ് ചെയ്തു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ദിലീപ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹർജി തളളുകയായിരുന്നു. ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ