കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ കസ്റ്റഡി കോടതി ഒരു ദിവസം കൂടി നീട്ടി നല്‍കി. അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി നാളെ വൈകിട്ട് അഞ്ച് മണി വരെ നീട്ടിയത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. പള്‍സര്‍ സുനിയെ കണ്ടില്ലെന്ന നിലപാടില്‍ തന്നെയാണ് ദിപീല് ഇപ്പോഴും നില്‍ക്കുന്നത്.

തെളിവുകള്‍ കാണിച്ച് ചോദ്യം ചെയ്താല്‍ ദിലീപിന് മറുപടിയൊന്നും ഇല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിനെതിരെ പരാതിയില്ലെന്ന് ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയേയും ഇന്ന് കസ്റ്റഡിയില്‍ എടുത്ത് നിര്‍ണായകമായ അന്വേഷണത്തിലേക്ക് പോകാനാണ് പൊലീസിന്റെ നീക്കം. പ്രതീഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഇത് കോടതി തളളിയാല്‍ അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

കനത്ത പൊലീസ് സുരക്ഷയിലാണ് ദിലീപിനെ കോടതിയിലെത്തിച്ചത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതൊന്നും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞെങ്കിലും കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ