കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദം പൂർത്തിയായി. സർക്കാർ വാദം കേൾക്കാനാണ് ഹർജി നാളത്തേക്ക് മാറ്റിയത്.

ദിലീപിനെ വിചാരണത്തടവുകാരനാക്കാനാണ് ശ്രമമെന്ന് അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയാണ്. അതിൽ ദിലീപിന് പങ്കില്ല. മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയിൽ പോലും കൃത്യമായ അന്വേഷണം നടന്നില്ല. പൾസർ സുനി പൊലീസിന് ദൈവമായി മാറിയിരിക്കുകയാണ്. അന്വേഷണ വിവരങ്ങൾ തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിളള ഹൈക്കോടതിയിൽ വാദിച്ചു.

ദിലീപിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങൾ അറിയുന്നത് പ്രതിയുടെ അവകാശമാണ്. അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ദിലീപിന് സ്വാഭാവിക ജാമ്യം അനുദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. ഒന്നര മണിക്കൂർ സമയമാണ് വാദത്തിനായി ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി അനുവദിച്ചത്.

മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുമ്പ് രണ്ടു തവണ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നും പിന്നെ എന്തിനാണ് വീണ്ടും ജാമ്യാപേക്ഷ നൽകിയതെന്നുമാണ് മൂന്നാം വട്ടം ജാമ്യത്തിനായി സമീപിച്ചപ്പോൾ ഹൈക്കോടതി ദിലീപിനോട് ചോദിച്ചത്. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ