കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26 ലേക്ക് മാറ്റി. ജാമ്യാപേക്ഷയിൽ മറുപടി പറയാൻ സമയം വേണമെന്ന സർക്കാർ ആവശ്യത്തെത്തുടർന്നാണ് മാറ്റിയത്. 26 ന് സർക്കാർ മറുപടി പറയും. ജാമ്യഹർജി പരിഗണിക്കേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സാഹചര്യം മാറിയിട്ടില്ലെങ്കിൽ ജാമ്യം പരിഗണിക്കേണ്ടതുണ്ടോയെന്ന് കോടതി ചോദിച്ചു.

ജാമ്യാപേക്ഷ തളളിയ സാഹചര്യം മാറിയിട്ടില്ല. എന്തിന് വീണ്ടും ജാമ്യാപേക്ഷയുമായി എത്തിയെന്നും കോടതി ചോദിച്ചു. കുറച്ചു ദിവസം ജയിലിൽ കിടന്നുവെന്നു കരുതി സാഹചര്യം മാറിയിട്ടില്ല. സാഹചര്യം മാറിയെന്ന് വ്യക്തമായി ബോധ്യപ്പെടണം. എങ്കിൽ മാത്രമേ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനാവൂ. കസ്റ്റഡി കാലാവധി നീട്ടിയെന്നല്ലാതെ എന്തു മാറ്റമാണ് ഉണ്ടായത്. കേസന്വഷണം തുടരുകയാണ്. സോപാധിക ജാമ്യം നിഷേധിച്ച ഉത്തരവ് ചോദ്യം ചെയ്തത് നില നിൽക്കുമോയെന്നും കോടതി ചോദിച്ചു.

50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകൾ അവതാളത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് എന്നോട് ശത്രുതയുണ്ട്. മഞ്ജു വാര്യർക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധമുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹർജിയിൽ ദിലീപ് ഉന്നയിച്ചിരുന്നു. സുനിൽ കുമാർ (പൾസർ സുനി) സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ വാക്കുകളാണ് പൊലീസ് വിശ്വസിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു.

മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത്. നേരത്തെ രണ്ടു തവണ നൽകിയെങ്കിലും ഹൈക്കോടതി തളളിയിരുന്നു. രണ്ടുതവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു. ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഇന്നലെ മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ