കൊച്ചി: കർശന സുരക്ഷയിൽ നടൻ ദിലീപിനെ അച്ഛന്റെ ശ്രാദ്ധചടങ്ങുകൾക്കായി ആലുവയിലെ വീടായ പദ്മസരോവരത്തിലേക്ക് കൊണ്ടുപോയി. രാവിലെ എട്ടിനും പത്തിനുമിടയ്‌ക്ക് അച്‌ഛന്റെ ശ്രാദ്ധചടങ്ങുകൾ ദിലീപ് നിർവഹിക്കും. അനുവദിച്ച രണ്ടു മണിക്കൂർ സമയം അവസാനിക്കുന്നതോടെ കോടതി ഉത്തരവ് പ്രകാരം വീണ്ടും ജയിലിലേക്ക് കൊണ്ടുപോകും.

Dileep

2008ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം മൂത്തമകനായ ദിലീപ് എല്ലാ വര്‍ഷവും മുടങ്ങാതെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് എത്താറുണ്ടെന്നും ഇത്തവണയും അതിന് അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ ശ്രാദ്ധദിനത്തില്‍ ദിലീപ് എത്തിയിട്ടില്ലെന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടപ്പോള്‍ ഇക്കാര്യം ദിലീപ് ഉന്നയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതി ഓണാവധിക്ക് പിരിയുന്ന ദിവസം അപേക്ഷ നൽകാനായി തിരഞ്ഞെടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

മാധ്യമങ്ങളോട് സംസാരിക്കരുത്, പുറത്തിറങ്ങുന്നതിനുള്ള ചെലവുകള്‍ സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് കോടതി അനുമതി നല്‍കിയത്. ചടങ്ങ് ആരംഭിക്കുന്ന 7 മണി മുതല്‍ 11 വരെ സമയം അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാൽ രാവിലെ 8 മുതല്‍ 10 വരെയാണ് കോടതി അനുവാദം നല്‍കിയത്.

റിമാ‍ൻഡിൽ കഴിയുന്ന പ്രതിയായ ദിലീപിന് അനുകൂലമായി ഫാൻസ് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നു പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്തും ഇന്നലെ രഹസ്യ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഒരു തവണ മജിസ്ട്രേട്ട് കോടതിയും രണ്ടുതവണ ഹൈക്കോടതിയും തള്ളിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ