കൊച്ചി: അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസം തന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് ഹൈക്കോടതിയില്‍. അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ഈ ഹർജി ഇന്ന് തന്നെ കോടതി പരിഗണിക്കും.

നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ദിലീപിന് സോപാധിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഇന്നലെ മജിസ്ട്രേറ്റ് കോടതി പറഞ്ഞിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ദിലീപിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണ്. 20 വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ജീവിതാന്ത്യം വരെ ജയിലില്‍ കഴിയേണ്ടത്ര കാഠിന്യമുള്ള കുറ്റമാണ് ദിലീപ് ചെയ്തതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന്‌ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ പറയുന്നു. ഈ സാഹചര്യത്തിലായിരുന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുള്ളൂവെന്ന് കോടതി പറഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതായി റിപ്പോർട്ടുകളുണ്ട്. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് കുറ്റപത്രം നല്‍കിയേക്കുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

സംഭവം നടന്ന ദിവസം ദിലീപ് നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയതിനാല്‍ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ തന്നയാള്‍ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാ നമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തില്‍ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്ന് പൊലീസ് കരുതുന്നു. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു.

നാദിര്‍ഷാ ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതായും പൊലീസിന് സംശയമുണ്ട്. പല സാക്ഷിമൊഴികളില്‍നിന്ന് സ്ഥിരീകരിച്ച വിവരങ്ങള്‍ നാദിര്‍ഷാ അറിയില്ലെന്ന് പറയുന്നതായാണ് സൂചന. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനില്‍ സുനിയെത്തി 25,000 രൂപ നാദിര്‍ഷായുടെ കൈയില്‍നിന്ന് കൈപ്പറ്റിയെന്ന വിവരമാണ് ഇതിലൊന്ന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ