തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ ഓഖി ചുഴലിക്കൊടുങ്കാറ്റ് രൂപം കൊണ്ട സാഹചര്യത്തിൽ സംസ്ഥാന റവന്യൂ-ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇപ്പോൾ തിരുവനന്തപുരം തീരത്തു നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് ചുഴലിക്കാടുങ്കാറ്റ് സ്ഥിതിചെയ്യുന്നത്. മണിക്കൂറിൽ 75 കിലോമീറ്റർവരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്

2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക

3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

4. മോട്ടര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.

5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.

6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്

7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുളള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ ഇന്നും നാളെയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്

2. ജനറേറ്റർ, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക

3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ DTPC ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.

ശബരിമല തീര്‍ത്ഥാടകര്‍ക്കുളള നിര്‍ദേശം

1. വൈകിട്ട് 6നും പകല്‍ 7നും ഇടയില്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കുക

2. മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക

3. കാനന പാത തീര്‍ഥാടനത്തിനായി ഉപയോഗിക്കാതിരിക്കുക

4. ശക്തമായ മഴ ഉള്ള അവസരത്തില്‍ സന്നിധാനത്തും, തിരകെ പോകുവാനും തിരക്ക് കൂട്ടാതിരിക്കുക

5. മരങ്ങള്‍ക്ക് താഴെയും നീരുറവകള്‍ക്ക് മുന്നിലും വിശ്രമിക്കാതിരിക്കുക

6. പുഴയിലും, നീരുറവകളിലും ഇന്നും നാളെയും കുളിക്കുന്നത് ഒഴിവാക്കുക. പമ്പാ സ്നാന സമയത്ത് പുഴയിലെ ഒഴുക്ക് ശ്രദ്ധിക്കുക

മത്സ്യബന്ധന തൊഴിലാളികള്‍ക്കുളള നിര്‍ദേശം
1. ഇന്നും (30-11-2017) നാളെയും (1-11-2017) മത്സ്യബന്ധനം ഒഴിവാക്കുക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ